കാസര്കോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. അഫ്രീദിന്റെ മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ജസീലയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി. ആദ്യഘട്ടത്തിൽ ജസീലയുടെ വീട്ടിലെ അംഗങ്ങളിൽ നിന്നും മൊഴിയെടുത്തിരുന്നു. അടുത്ത ദിവസം തന്നെ സുഹൃത്തിനേയും കുടുംബത്തേയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. സംഭവം വിവാദമായതോടെ പരമാവധി പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
ഇതിനിടെ ജസീലയുടെ ഭർതൃവീട്ടുകാർക്കെതിരെ പരാതിയുമായി ജസീലയുടെ മാതാവ് രംഗത്തുവന്നിട്ടുണ്ട്. ഭർതൃവീട്ടുകാർ നിരന്തരം പ്രയാസപ്പെടുത്തിയിരുന്നതായും മോഷണ പരാതിക്ക് പിന്നിൽ ഭർതൃവീട്ടുകാർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും ജസീലയുടെ മാതാവ് മുംതാസ് പറഞ്ഞു. സുഹൃത്തായ ബോവിക്കാനം സ്വദേശി അഫ്രീദിന്റെ വീട്ടിൽ നിന്നും ഒമ്പതര പവൻ സ്വർണം മോഷണം പോയെന്ന പരാതിയെ തുടർന്ന് മനംനൊന്താണ് ജസീല ജീവനൊടുക്കിയത്.
നിരപരാധിയാണെന്ന് കരഞ്ഞ് പറയുന്ന വിഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വിഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വിഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു. മോഷണ പരാതിയിൽ ആദൂർ പൊലീസ് സ്റ്റേഷനിലേക്ക് ജസീലയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ജസീലയുടെ പങ്ക് തെളിയിക്കാനായില്ല.
സുഹൃത്ത് വിളിച്ചതിനെ തുടർന്നാണ് ജസീല അവരുടെ വീട്ടിൽ പോയതെന്നും സ്വർണം കാണാതായതിനെ തുടർന്ന് ജസീലയാണ് എടുത്തതെന്ന് ആരോപിച്ച് വീട്ടിലെത്തി ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ജസീലയുടെ ഉമ്മ പറഞ്ഞു. ജസീലക്ക് ആറും നാലും വയസുളള രണ്ട് കുട്ടികളുണ്ട്.
