ന്യൂഡൽഹി: അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് തൊട്ടുമുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. വ്യക്തി ജീവിതത്തിൽ, പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ രാമനെ പിന്തുടരുകയോ രാമരാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലക്ക് പ്രവർത്തിക്കുകയോ ചെയ്യാത്തയാളാണ് മോദിയെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സ്വാമി പറഞ്ഞു.
‘പ്രധാനമന്ത്രി പദവിയോടുള്ള പൂജയിൽ പൂജ്യമായിരിക്കെ, മോദി പ്രാണപ്രതിഷ്ഠാ പൂജയ്ക്ക് മുതിരുകയാണ്. വ്യക്തി ജീവിതത്തിൽ ഭഗവാൻ രാമനെ അദ്ദേഹം പിന്തുടർന്നിട്ടില്ല, പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ. കഴിഞ്ഞ പത്തുവർഷമായി പ്രധാനമന്ത്രി എന്ന നിലയിൽ രാമരാജ്യമനുസരിച്ച് പ്രവർത്തിച്ചിട്ടുമില്ല’- സ്വാമിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.
കഴിഞ്ഞ മാസവും മോദിക്കെതിരെ കടുത്ത വിമർശനവുമായി സുബ്രമണ്യൻ സ്വാമി രംഗത്തുവന്നിരുന്നു. ‘ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരിലാണ് മോദി അറിയപ്പെടുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷമായ പരിഹാസം. ‘അയോധ്യയിലെ പ്രാണപ്രതിഷ്ഠ പൂജ നടത്തുന്നതിന് മോദിയെ അനുവദിക്കാൻ രാമഭക്തന്മാർക്ക് എങ്ങനെ കഴിയുന്നു? തന്റെ ഭാര്യ സീതയെ രക്ഷിക്കാൻ ഒന്നര ദശാബ്ധത്തോളം യുദ്ധം ചെയ്തയാളാണ് ശ്രീരാമൻ. എന്നാൽ, മോദിയാകട്ടെ ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരിൽ അറിയപ്പെടുന്നയാളാണ്. എന്നിട്ടും അദ്ദേഹം പൂജ ചെയ്യുകയോ?’ -ഇതായിരുന്നു സ്വാമി ഉയർത്തിയ ചോദ്യം.