ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാർട്ടി 15 വാഗ്ദാനങ്ങൾ അക്കമിട്ട് നിരത്തിയ പ്രകടന പത്രികയുമായി ആം ആദ്മി പാർട്ടി(എ.എ.പി). തൊഴിലിനും സാമൂഹിക ക്ഷേമത്തിനും പൊതുസേവനങ്ങൾക്കുമാണ് എ.എ.പി പ്രകടനപത്രികയിൽ ഊന്നൽ നൽകുന്നത്. 24 മണിക്കൂർ ജലവിതരണം, യമുന നദി ശുദ്ധീകരണം എന്നിവയാണ് പ്രധാനമായും പത്രികയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യാജ വാഗ്ദാനങ്ങൾ പോലെയല്ല, കെജ്രിവാളിന്റെ ഉറപ്പുകളെന്നും എ.എ.പി പറഞ്ഞു.
നിരവധി സാമൂഹിക ക്ഷേമ പദ്ധതികൾക്കും തൊഴിലവസരങ്ങൾക്കും പത്രികയിൽ ഊന്നലുണ്ട്. ഡൽഹിയിൽ ഒരാളും തൊഴിലില്ലാതെയിരിക്കരുതെന്നാണ് എ.എ.പിയുടെ നയമെന്നും അതേസമയം, നിലവിൽ ദേശീയ ശരാശരിയെ അപേക്ഷച്ച് ഡൽഹിയിലെ തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണെന്നും അരവിന്ദ് കെജ്രിവാൾ ചൂണ്ടിക്കാട്ടി. നന്നായി പഠിച്ചിട്ടും മികച്ച ജോലികൾ ലഭിക്കാത്തത് നമ്മുടെ കുട്ടികളെ നിരാശയിലാക്കും. ആ അവസ്ഥക്ക് മാറ്റം വരണമെന്നും കെജ്രിവാൾ പറഞ്ഞു. യമുന നദി ശുദ്ധീകരിക്കുന്നതിൽ പരാജയം സമ്മതിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി, വീണ്ടും അധികാരത്തിലെത്തിയാൽ നടപ്പാക്കേണ്ട പ്രധാന കാര്യങ്ങളിൽ അതുണ്ടാകുമെന്നും ഉറപ്പുനൽകി.
വിദേശ യൂനിവേഴ്സിറ്റികളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ദലിത് വിദ്യാർഥികളുടെ മുഴുവൻ ചെലവുകളും എ.എ.പി വഹിക്കുമെന്നും കെജ്രിവാൾ പ്രഖ്യാപിച്ചു. അതുപോലെ ഡൽഹി മെട്രോയിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് 50 ശതമാനം റിബേറ്റ് നൽകും. മഹിള സമ്മാൻ യോജന വഴി എല്ലാ വനിതകൾക്കും പ്രതിമാസം 2100 രൂപ നൽകും. 60 കഴിഞ്ഞവർക്ക് സഞ്ജീവനി യോജന പദ്ധതി പ്രകാരം സ്വകാര്യ, സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പുനൽകും. ഗാന്ധിയൻമാർക്കും മത പുരോഹിതൻമാർക്കും 18000 രൂപ നൽകും. ഓട്ടോ, ടാക്സി തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിന് ഒരു ലക്ഷം രൂൽ ധനസഹായം, ലൈഫ് ഇൻഷുറൻസ് എന്നിവയാണ് എ.എ.പിയുടെ പ്രധാന വാഗ്ദാനങ്ങൾ.