മോദിയുടെ ദൗത്യം അതിസമ്പന്നരെ സൃഷ്ടിക്കൽ: ആനത്തലവട്ടം

news image
Dec 18, 2022, 4:03 am GMT+0000 payyolionline.in

കോഴിക്കോട്‌:  ഇന്ത്യയിൽ അതിസമ്പന്നരെ  സൃഷ്ടിക്കുകയാണ്‌ നരേന്ദ്രമോദി സർക്കാർ നിർവഹിക്കുന്ന ദൗത്യമെന്ന്‌  സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ലോകത്തിൽ രണ്ടാംസ്ഥാനത്തുള്ള അതിസമ്പന്നനെയാണ്‌ ഇതുവരെ സൃഷ്ടിക്കാൻ മോദിക്കായത്‌. ഇനി ഒന്നാം സ്ഥാനക്കാരനെയും ഇതുപോലെ ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ  ഭരണത്തിനായേക്കുമെന്ന്‌ സിഐടിയു സംസ്ഥാന സമ്മേളനത്തിലെ അധ്യക്ഷപ്രസംഗത്തിൽ ആനത്തലവട്ടം പറഞ്ഞു.

അതേസമയം ഇന്ത്യയിൽ  92 ശതമാനം വരുന്ന ജനതയുടെ ജീവിതം അരക്ഷിതാവസ്ഥയിലാണ്‌. ഒമ്പതുകോടി തൊഴിലാളികൾ താൽക്കാലികക്കാരാണ്‌. 14 കോടി പേർക്ക്‌ തൊഴിലേയില്ല. സമ്പന്നരെ സൃഷ്ടിക്കുകയാണ്‌ മോദി ചെയ്യുന്നത്‌. സമ്പത്ത്‌ ആരുടെയും കുടുംബസ്വത്തല്ല എന്ന ബോധ്യമാണ്‌ നമുക്ക്‌ ഉണ്ടാവേണ്ടത്‌. തൊഴിലാളികളുടെ അധ്വാനത്തിൽനിന്നാണ്‌ എല്ലാ സമ്പത്തും ഉണ്ടായത്‌. 1991ൽ സോവിയറ്റ്‌ യൂണിയൻ തകർന്നശേഷം തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമമാണ്‌ ആഗോളവ്യാപകമായി ഉണ്ടായത്‌. ആഗോളീകരണ നയങ്ങളെ ഒന്നാമതായി നടപ്പാക്കാൻ ശ്രമിക്കുന്ന രാജ്യം ഇന്ത്യയാണ്‌.

1956ൽ കേരളത്തിൽ ആദ്യത്തെ കമ്യൂണിസ്‌റ്റ്‌ സർക്കാർ ഉണ്ടായത്‌ തൊഴിലാളികളുടെ പോരാട്ടത്തിന്റെ ഫലമാണ്‌. ഈ സർക്കാരാണ്‌ എല്ലാവർക്കും പഠിക്കാനും ഉയരാനുമുള്ള അവകാശം നേടിത്തന്നത്‌. ലോകമെമ്പാടും തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ്‌. സമരങ്ങളിലൂടെ എന്തുനേടിയെന്ന ചോദ്യം ചിലപ്പോഴൊക്കെ ഉയരാറുണ്ട്‌. ഈ ലോകം കെട്ടിപ്പടുക്കാൻ നമ്മൾ നടത്തിയ അധ്വാനം ചെറുതല്ല. ആ ആത്മവിശ്വാസം തൊഴിലാളി സമൂഹത്തിന്‌ വേണമെന്നും ആനത്തലവട്ടം പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe