റിയാദ് > സൗദി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസ് പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി. സൗദി സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് കേസ് പരിഗണിക്കാനിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ കോടതി കേസ് പരിഗണിക്കുന്നത് മാറ്റി എന്നാണ് വിവരം. കോടതി ഇന്ന് പരിഗണിക്കാനിരുന്ന എല്ലാ കേസുകളും മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണ കേസ് വിധി പറയുന്നതിന് മാറ്റിയിരുന്നു. ഡിസംബർ എട്ടിനായിരുന്നു ഒരുവിൽ കേസ് പരിഗണിച്ചത്. ജയിൽ മോചനത്തിന് മറ്റു തടസങ്ങൾ ഇല്ലാതിരുന്നതിനാൽ ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
2006ലാണ് അബ്ദുൽ റഹീം സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബർ 26ന് ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹിമാൻ അൽ ശഹ്രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന് വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ചിരുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്നായിരുന്നു ഇത്. ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) മലയാളികൾ ഒന്നാകെ ശേഖരിച്ചാണ് നൽകിയത്. തുടർന്നാണ് റഹീമിനായി സമർപ്പിച്ച അപേക്ഷയിൽ ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയത്. ഇതോടെ പ്രൈവറ്റ് ഒഫൻസുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളത്.
മരിച്ച ബാലനും റഹീമും തമ്മിൽ മുൻവൈരാഗ്യമില്ല. കയ്യബദ്ധത്തിലാണ് ബാലൻ കൊല്ലപ്പെട്ടത്. മാത്രമല്ല 18 വർഷമായി റഹീം ജയിലിലാണ്. അതുകൊണ്ടുതന്നെ പബ്ലിക്ക് റൈറ്റ് പ്രകാരം അധിക ശിക്ഷ വിധിക്കാതെ മോചിപ്പിക്കണമെന്നാണ് റഹീമിനുവേണ്ടി അഭിഭാഷകൻ കോടതിയിൽ നൽകിയ ഹർജി. 18 വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ച പശ്ചാത്തലത്തിൽ കേസിൽ പ്രത്യേക ശിക്ഷ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്കാൻ ജയിലിലെത്തി അബ്ദുൽ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ മാസം നേരിൽ കണ്ടു സംസാരിച്ചിരുന്നു.