ലഖ്നോ :മൊബൈൽ ഫോണിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് യു.പി യിൽ അഞ്ചു വയസ്സുകാരി മരിച്ചു. അമ്രോഹിയിൽ ഹൊസാൻപൂർ കൊട്വാലിയിൽ ഞായറാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. അഞ്ച് വയസ്സുകാരി കാമിനിയാണ് മരിച്ചത്. അമ്മയുടെ അടുത്ത് മൊബൈലിൽ കാർട്ടൂൺ കണ്ട് കിടക്കുകയായിരുന്ന കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടി ഹൃദയാഘാതം മൂലമാകാം മരിച്ചത്, സ്ഥിരീകരണത്തിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൈമാറാൻ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ നിഷേധിച്ചതായി അമ്രോഹ ചീഫ് മെഡിക്കൽ ഓഫീസർ സത്യപാൽ സിങ്ങ് പറഞ്ഞു.
അമ്രോഹയിൽ ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ രണ്ടുമാസങ്ങൾക്കിടയിൽ ബിജ്നോറിലും അമ്രോഹിയിലുമായി നിരവധി കുട്ടികളും ചെറുപ്പക്കാരുമാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.2023 ഡിസംബർ 31 ന് അമ്രോഹിയിൽ 16 കാരനായ പ്രിൻസ് കുമാർ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. ആശുപ്രിത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. 2023 ഡിസംബർ 9 ന് ബിജ്നോറിൽ ശിപ്ര(12) എന്ന കുട്ടി ക്ലാസ്മുറിയിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്നു.
അതിശൈത്യം മൂലമാണ് ഹൃദയാഘാതം അധികരിക്കുന്നതെന്നും ഒക്സിജനും രക്തസമ്മർദ്ദവും കുറയുന്നതിലൂടെ രക്തം കട്ടപിടിക്കുവാനുള്ള സാധ്യത കൂടുതലാണെന്നും മുതിർന്ന ഡോക്ടർ രാഹുൽ ബിഷ്നോയ് പറഞ്ഞു.