മൈസൂരു: കർണാടകയിലെ ചന്നപട്ടണത്തിന് സമീപം സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞ് നാല് മലയാളി യാത്രക്കാർ മരിച്ചു. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ വോൾവോ സ്ലീപ്പർ ബസാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പുട്ടപനതൊടിയിൽ അപകടത്തിൽപ്പെട്ടത്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സാക്കീർ (27), റഷീദ് (45), റഫീസ് (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മൈസൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട ബസ് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. വശങ്ങളിലേക്ക് മറിഞ്ഞ ബസ് വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. കർണാടക പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
