മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ മരിച്ച 45 പേരുടെ മൃതദേഹം മേപ്പാടിയിലെ അശുപത്രികളിലെത്തിച്ചു. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 38 പേരുടെ മൃതദേഹവും ഒരാളുടെ കാലിന്റെ ഭാഗവുമാണ് എത്തിച്ചത്. ഇതിൽ 24 പേരെ തിരിച്ചറിഞ്ഞു. മിംസ് ആശുപത്രിയിൽ ഏഴ് പേരുടെ മൃതദേഹം എത്തിച്ചു, മൂന്ന് പേരെ തിരിച്ചറിഞ്ഞു.
ഉരുൾപൊട്ടലിൽ മൃതദേഹങ്ങൾ മലപ്പുറം പോത്തുകല്ലിലേക്കും ഒഴുകുയെത്തിയിട്ടുണ്ട്. പോത്തുകല്ല് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ചാലിയാർ പുഴയുടെ തീരത്തുനിന്ന് ഇതുവരെ 14 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹഭാഗങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും വീടുകളിലും കെട്ടിടങ്ങളിലും നിരവധി പേർ ഒറ്റപ്പെട്ട് കിടക്കുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.
സ്ഥലത്തെ വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി. ഉരുൾപൊട്ടലിനെത്തുടർന്ന് കൽപ്പറ്റ ടൗണിലടക്കം വെള്ളം കയറി. മൂന്ന് തവണയാണ് ചൂരൽമലയിൽ ഉരുൾ പൊട്ടിയത്.