ന്യൂഡൽഹി ∙ രാജ്യസുരക്ഷ മുൻനിർത്തി വാട്സാപ് പോലെയുള്ള ഇന്റർനെറ്റ് സേവനങ്ങളിലെ കോളുകളും മെസേജുകളും പ്രത്യേക സാഹചര്യങ്ങളിൽ നിയമപരമായി നിരീക്ഷിക്കാനടക്കം വ്യവസ്ഥ വേണമെന്ന് ടെലികോം കമ്പനികൾ ആവശ്യപ്പെട്ടു.
ടെലികോം കമ്പനികൾക്കു സമാനമായ നിയന്ത്രണങ്ങൾ ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്കും ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നടത്തുന്ന കൂടിയാലോചനകൾ പുരോഗമിക്കുകയാണ്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ–ഐഡിയ, ബിഎസ്എൻഎൽ തുടങ്ങിയ കമ്പനികളാണ് തങ്ങൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും ടെക് കമ്പനികൾക്കും (ഒടിടി ആശയവിനിമയ സംവിധാനങ്ങൾ) വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ ടെലികോം നെറ്റ്വർക് വഴിയുള്ള കോളുകളും മെസേജുകളും സർക്കാരിന് നിരീക്ഷിക്കാമെന്ന് വ്യവസ്ഥയുണ്ട്. നിയമപരമായ നിരീക്ഷണം രാജ്യവിരുദ്ധ, സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള മാർഗമാണെന്നും ഇത് ഒടിടി സേവനങ്ങൾക്ക് ഏർപ്പെടുത്തണമെന്നും റിലയൻസ് ജിയോ ആവശ്യപ്പെട്ടു.
ടെലികോം കമ്പനികൾ എല്ലാ ഉപയോക്താക്കളുടെയും ഐഡന്റിറ്റി ഉറപ്പാക്കുമ്പോൾ (കെവൈസി) ഇന്റർനെറ്റ് കമ്പനികൾ കെവൈസി വിവരങ്ങൾ ശേഖരിക്കാറേയില്ലെന്ന് എയർടെൽ ചൂണ്ടിക്കാട്ടി. ഇനി ശേഖരിച്ചാൽ തന്നെ പലപ്പോഴും രാജ്യത്തിനു പുറത്തായിരിക്കും അതു സൂക്ഷിക്കുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടി.
ടെലികോം കമ്പനികൾക്കു സമാനമായ ലൈസൻസിങ് ചട്ടക്കൂട് അടിച്ചേൽപിച്ചാൽ വാട്സാപ്, ടെലിഗ്രാം പോലെയുള്ള സൗജന്യ ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്ക് ഉപയോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കാൻ നിർബന്ധിതരമാകുമെന്ന് ടെക് കമ്പനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.