കൊച്ചി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര എന്ന സ്ത്രീയുടെ മൃതദേഹവുമായി സമരം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി മാത്യു കുഴല്നാടൻ എംഎല്‍എ. ഇന്ദിരയുടെ മകനോടും ഭര്‍ത്താവിനോടും സംസാരിച്ച ശേഷമാണ് മൃതദേഹവുമായി പ്രതിഷേധം നടത്തിയത്. ഈ പ്രതിഷേധത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും എംഎല്‍എ.
ഇപ്പോള്‍ എന്താണ് അവര്‍ ഇങ്ങനെ സംസാരിക്കുന്നത് എന്നറിയില്ല, സഹോദരനും ഇന്നലെ പ്രതിഷേധത്തിന് ഉണ്ടായിരുന്നു, എന്തുകൊണ്ടാണ് ഇവര്‍ വാക്ക് മാറ്റി സംസാരിക്കുന്നതെന്നറിയില്ല, ആരുടെയെങ്കിലും ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദമാകാം, അവര്‍ പ്രതിഷേധ പന്തലില്‍ മുഴുവൻ സമയവും ഉണ്ടായിരുന്നു, പൊലീസ് മൃതദേഹം എടുക്കാൻ ശ്രമിച്ചപ്പോൾ എതിര്‍ക്കാൻ മുൻനിരയിൽ നിന്നയാളായിരുന്നു സഹോദരനെന്നും മാത്യു കുഴല്നാടൻ.
ഇന്നലത്തെ പ്രതിഷേധസമരത്തില്‍ മാത്യു കുഴല്‍നാടനെയും ഇടുക്കി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും രാത്രി വൈകി അറസ്റ്റ് ചെയ്തത് വലിയ രീതിയിലാണ് സംസ്ഥാനരാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നത്. രാത്രി അറസ്റ്റിലായ ഇരുവരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധം വന്നതോടെ ഇടക്കാല ജാമ്യം നേടി അവര്‍ പുറത്തിറങ്ങി. ഇന്ന് വീണ്ടും തുറന്ന കോടതിയില്‍ കേസ് എടുക്കും. ഇതിനിടെ കോണ്‍ഗ്രസ് പ്രതിഷേധം കനപ്പിക്കുകയാണ്.
അതേസമയം ഇന്ദിര രാമകൃഷ്ണന്റെ സംസ്കാരം ഇന്ന് നടക്കും. പത്തുമണിക്ക് കാഞ്ഞിരവേലിയിലെ വീട്ടുവളപ്പിൽ ആണ് സംസ്കാരം. ഇതെ വിഷയത്തില്‍ നേര്യമംഗലത്തും കോതമംഗലത്തും കൂടുതല്‍ പ്രതിക്ഷേധത്തിന് സാധ്യതയുണ്ട്.