മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിലെ മരങ്ങളിൽ വസിക്കുന്ന വവ്വാലുകൾ ജനങ്ങൾക്ക് ഭീഷണിയാകുന്നു. മൂന്നാർ എംജി കോളനിയിൽ ഗണപതി ക്ഷേത്രത്തിനു സമീപത്തെ മരങ്ങളിലാണ് നൂറ് കണക്കിനു വവ്വാലുകൾ തൂങ്ങിക്കിടക്കുന്നത്.
കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ഐസിഎംആർ വ്യാപകമായി വവ്വാലുകളുടെ സാമ്പിൾ ശേഖരിച്ചു പരിശോധിച്ചിരുന്നു. വയനാട്ടിൽ നിന്നും ശേഖരിച്ച വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. ഭയം വേണ്ട ജാഗ്രത മതിയെന്നാണ് അറിയിപ്പ്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐ സി എം ആർ അറിയിച്ചത്. ജാഗ്രതയും മുന്നറിയിപ്പുകളും പാലിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശം നൽകി.
പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, അസുഖങ്ങൾക്ക് സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണുക എന്നിങ്ങനെയാണ് നിർദേശങ്ങള്‍. വവ്വാലുകളെ ആവാസ വ്യവസ്ഥയിൽ നിന്ന് കല്ലെറിഞ്ഞും മറ്റും തുരത്തരുത്. അങ്ങനെ പുറത്തുവരുന്ന വവ്വാലുകളുടെ സ്രവങ്ങള്‍ രോഗബാധയ്ക്ക് കാരണമായേക്കാം. ചെറിയ പനിയാണെങ്കിൽ പോലും സ്വയം ചികിത്സ ഒഴിവാക്കണം. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.