മുൻ സർക്കാരിലെ മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫംഗങ്ങൾക്ക് അവസാന മാസത്തെ ശമ്പളം നൽകിയില്ലെന്ന് പരാതി. സർക്കാർ സർവീസിന് പുറത്ത് നിന്ന് സ്റ്റാഫായി എത്തിയവർക്കാണ് മെയ് മാസത്തെ ശമ്പളം ലഭിക്കാത്തത്. നോ ലയബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കാതെ ശമ്പളം വിതരണം ചെയ്യേണ്ടെന്ന പൊതുഭരണ വകുപ്പിന്റെ കുറിപ്പാണ് ശമ്പള വിതരണത്തിന് തടസം.
ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും നടപടിയില്ല. പ്രൈവറ്റ് സെക്രട്ടറി മുതൽ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് വരെയുള്ള പേഴ്‌സണൽ സ്റ്റാഫുകളുടെ ശമ്പളമാണ് തടഞ്ഞുവച്ചത്. സർക്കാർ ഡെപ്യൂട്ടേഷനിൽ പഴ്‌സണൽ സ്റ്റാഫിലേക്ക് എത്തിയവർക്ക് ജൂൺ രണ്ടിന് തന്നെ മേയ് മാസത്തെ ശമ്പളം നൽകിയിരുന്നു. എന്നാൽ, രാഷ്ട്രീയ നിയമനം വഴി എത്തിയവർക്കാണ് ശമ്പളം ലഭിക്കാത്തത്.
സാധാരണ ശമ്പളത്തിന് നോ ലയബിലിറ്റി സർട്ടിഫിക്കറ്റ് ബാധകമാക്കാറില്ല. വിരമിക്കൽ ആനുകൂല്യം നൽകുന്നതിനാണ് ഈ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. അതാകട്ടെ ബന്ധപ്പെട്ട ജീവനക്കാരന്റെ ഉത്തരവാദിത്തവുമില്ല. സെക്രട്ടേറിയറ്റിലെ അക്കൗണ്ട് സെക്ഷനാണ് സർട്ടിഫിക്കറ്റ് നൽകി ശമ്പളവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കേണ്ടത്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ പകപോക്കലാണ് നടപടിക്ക് പിന്നിലെന്ന വിമർശനമാണ് ഉയരുന്നത്.
