ബംഗളൂരു: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ 27 കിലോയിലധികം സ്വർണവും വജ്രാഭരണങ്ങളും ഇനി തമിഴ്നാട് സർക്കാറിന് സ്വന്തം. കോടതിയുടെ കസ്റ്റഡിയിലുള്ള ആഭരണങ്ങൾ അടുത്ത മാസം ആറ്, ഏഴ് തീയതികളിലായി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ഇതുസംബന്ധിച്ച് ബംഗളൂരു അഡി. സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി (32) ജഡ്ജി എച്ച്.എ. മോഹൻ വിധി പ്രസ്താവിച്ചിരുന്നു. അനധികൃതസ്വത്ത് സമ്പാദന കേസിൽ 100 കോടി രൂപ പിഴ ഈടാക്കുന്നതിനായി കണ്ടുകെട്ടിയ സ്വത്തുക്കൾ വിൽക്കുന്നതിനുള്ള അന്തിമ ജുഡീഷ്യൽ നടപടികൾ ഇതോടെ ആരംഭിക്കും.
ജയലളിത മരിച്ച് ഏഴു വർഷത്തിനുശേഷമാണ് നടപടി. സ്ഥാവര ജംഗമ സ്വത്തുക്കൾ ലേലം ചെയ്യാനാണ് തീരുമാനം. ആഭരണങ്ങൾ ലേലംചെയ്തശേഷമായിരിക്കും കോടതി കോടികൾ വിലവരുന്ന സ്ഥാവര സ്വത്തുക്കൾ ലേലത്തിൽ വെക്കുക. പിഴ ഈടാക്കാൻ 20 കിലോയോളം വരുന്ന ആഭരണങ്ങൾ വിൽക്കുകയോ ലേലം നടത്തുകയോ ചെയ്യും.
എന്നാൽ, മാതാവിൽനിന്ന് പാരമ്പര്യമായി ജയലളിതക്ക് ലഭിച്ചതായി കരുതുന്ന ഏഴ് കിലോ ആഭരണങ്ങൾ ഈ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജയലളിതയുടെ അക്കൗണ്ടുകൾ ഉണ്ടായിരുന്ന കാൻഫിൻ ഹോംസ് ലിമിറ്റഡ് തിങ്കളാഴ്ച ബംഗളൂരുവിലെ പ്രത്യേക കോടതിക്ക് 60 ലക്ഷം രൂപ കൈമാറിയിരുന്നു. തമിഴ്നാട് ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഐ.ജിയും ബംഗളൂരു കോടതിയിൽ എത്തി സ്വർണവും വജ്രാഭരണങ്ങളും കൈപ്പറ്റണമെന്നാണ് കോടതി നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോഗ്രാഫറെയും വിഡിയോഗ്രാഫറെയും കൊണ്ടുവരണം.
കോടതിയിൽനിന്ന് ആഭരണങ്ങൾ കൈപ്പറ്റുന്നതിന് ആറ് വലിയ പെട്ടികൾ കരുതണം -കോടതി നിർദേശിച്ചു. ആഭരണങ്ങൾ തമിഴ്നാട് സർക്കാറിന് കൈമാറുന്ന ദിവസങ്ങളിൽ ലോക്കൽ പൊലീസ് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശമുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിത കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നാലു വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. 2014 സെപ്റ്റംബറിലായിരുന്നു പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.