കോയമ്പത്തൂര്‍: വിവാഹമോചനം നേടിയ ഭാര്യക്ക് ജീവനാംശ തുക നാണയങ്ങളായി നൽകി യുവാവ്. നാണയങ്ങൾ നോട്ടായി കോടതിയിൽ സമർപ്പിക്കാൻ സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു.
വ്യാഴാഴ്ച കോയമ്പത്തൂർ കുടുംബകോടതിയിലായിരുന്നു സംഭവം. കോടതി വിധി അനുസരിച്ച് രണ്ട് ലക്ഷം രൂപ ജീവനാംശമായി നൽകുന്നതിനായി യുവാവ് കോടതിയിലെത്തി. വിവാഹമോചിതയും കോടതിയിലെത്തിയിരുന്നു. തുടർന്ന് യുവാവ് 1,20,000 രൂപ നോട്ടുകളായും ബാക്കി 80,000 രൂപ നാണയങ്ങളായും യുവാവ് നൽകി. ഇരുപതോളം ചാക്കുകളിലായി തുക ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളായാണ് ഉണ്ടായിരുന്നത്.
കോടതിയില്‍ ഉണ്ടായിരുന്നവരിൽ ചിരി പടർത്തിയെങ്കിലും ഒടുവില്‍ ജഡ്ജി ഇടപെടുകയായിരുന്നു. നാണയങ്ങള്‍ നോട്ടുകളാക്കി കോടിയില്‍ ഏല്‍പ്പിക്കണമെന്ന് യുവാവിന് താക്കീത് നല്‍കി. അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോൾ ജീവനാംശം പൂര്‍ണമായും നോട്ടുകളാക്കി സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ യുവാവ് ചാക്കിലുണ്ടായിരുന്ന നാണയങ്ങളുമായി മടങ്ങി. ഇരുവരുടേയും വിവാഹമോചന കേസ് കഴിഞ്ഞ വര്‍ഷമാണ് കോടതിയിലെത്തിയത്.