മുഴക്കം കേൾക്കുന്ന ആറാമത്തെ ജില്ലയായി പത്തനംതിട്ട?വ്യാജ വാർത്തയെന്ന് കളക്ടർ, പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

news image
Aug 9, 2024, 3:44 pm GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ട കോന്നി വെട്ടൂരിൽ രാവിലെ മുഴക്കം കേട്ടുവെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ജില്ലാ കളക്ടർ. ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു. രാവിലെ മുതൽ വിവിധ ജില്ലകളിലായി ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേൾക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തൃശൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായത്.



തൃശൂർ ജില്ലയിലെ ചാവക്കാടും മുഴക്കമുണ്ടതായി നാട്ടുകാർ പറഞ്ഞു. ചാവക്കാട് തിരുവത്ര പള്ളിക്ക് സമീപമുള്ള ആർസി ക്വാർട്ടേഴ്സിലെ വീടുകളിലുള്ളവരാണ് മുഴക്കം ഉണ്ടായതായി പറയുന്നത്. ഉച്ചതിരിഞ്ഞ് 3.15 നാണ് സംഭവം. പ്രകമ്പനത്തിൽ ക്വാർട്ടേഴ്സിന്റെ ചുവരിന് നേരിയ പൊട്ടൽ ഉണ്ടായെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം, വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ നിർദേശം നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്പനം ഉണ്ടായത്. രാവിലെ പത്ത് മണിയോടെ തന്നെയായിരുന്നു സംഭവം നടന്നത്. പ്രകമ്പനത്തിൽ ജനൽ കുലുങ്ങിയെന്നും വലിയ ശബ്ദം കേട്ടെന്നും നാട്ടുകാർ പറയുന്നു. പാലക്കാട് ഒറ്റപ്പാലത്തും പ്രകമ്പനമുണ്ടായി. ഒറ്റപ്പാലം നഗരസഭ പരിധിയിലെ ചിലയിടങ്ങളിലാണ് ഉഗ്ര ശബ്ദം കേട്ടത്. രാവിലെ 10 മണിക്കും 10.30നും ഇടയിലുള്ള സമയത്താണ് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതെന്നും പ്രദേശവാസികൾ വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. രാവിലെ പത്തേകാലോടെ ശബ്ദവും ഭൂമിക്ക് ചെറിയ രീതിയിൽ വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചിട്ടുണ്ട്. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe