കുമളി: മുല്ലപ്പെരിയാറിൽ അനുമതിയില്ലാതെ സാധനങ്ങൾ കൊണ്ടുപോയത് തടഞ്ഞ വനം വകുപ്പിനെതിരെ തമിഴ്നാടിന്റെ നീക്കം. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ മുൻകൂട്ടി അനുമതി വാങ്ങാതെ കാമറകൾ സ്ഥാപിച്ചാണ് തമിഴ്നാട്, കേരള വനം വകുപ്പിനെ വെല്ലുവിളിക്കുന്നത്.
തേക്കടി ബോട്ട്ലാൻഡിങ്ങിലേക്ക് പോകുംവഴി റോഡരികിലാണ് പുതിയ കാമറകൾ സ്ഥാപിച്ചത്. റോഡരികിൽ പൈപ്പ് സ്ഥാപിച്ച് വനപാലകർ കടന്നുപോകുന്ന വഴികൾ മുഴുവൻ നിരീക്ഷിക്കുംവിധം നാല് കാമറയാണുള്ളത്.
തേക്കടിയിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ ഓഫിസും ഐ.ബിയും നിലവിലുണ്ട്. ഇവയുടെ വാതിൽക്കൽ സ്ഥാപിക്കാതെയാണ് കാമറകൾ റോഡരികിൽ പൈപ്പ് സ്ഥാപിച്ച് വെച്ചിട്ടുള്ളത്. ദിവസങ്ങൾക്കുമുമ്പ്, മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് മുൻകൂട്ടി അനുമതി വാങ്ങാതെ കൊണ്ടുപോയ നിർമാണ സാമഗ്രികൾ വള്ളക്കടവ് ചെക്പോസ്റ്റിൽ വനം വകുപ്പ് തടഞ്ഞിരുന്നു. ഇതിനെതിരെ തമിഴ്നാട്ടിൽ ചില സംഘടനകൾ പതിവ് പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തു.
തേക്കടിയിലെ വനപാലകരുമായി നിരന്തരം ഏറ്റുമുട്ടലിന്റെ പാതയിലാണ് തമിഴ്നാട് പൊതുമരാമത്ത് അധികൃതർ. മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപത്തെ ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ വെട്ടുന്നതിന് വനം വകുപ്പ് അനുമതി നൽകുന്നിെല്ലന്ന പരാതി തമിഴ്നാട് നിരന്തരം ഉയർത്തുന്നുണ്ട്.
തേക്കടി ആനവാച്ചാലിലെ വനം വകുപ്പിന്റെ പാർക്കിങ് ഗ്രൗണ്ട് മുല്ലപ്പെരിയാർ പാട്ടഭൂമിയിലാണെന്നപേരിലും തമിഴ്നാട് അധികൃതർ കേരള വനംവകുപ്പിനെതിരെ തിരിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വനം വകുപ്പിന്റെ അനുമതിയില്ലാതെ, കടുവ സങ്കേതത്തിനുള്ളിൽ കാമറകൾ സ്ഥാപിച്ചത്.