മുബൈയില്‍ എയർഹോസ്റ്റസിന്‍റെ കൊലപാതകം: പ്രതിയുടെ മരണത്തിൽ ദുരൂഹത

news image
Sep 9, 2023, 9:37 am GMT+0000 payyolionline.in

മുംബൈ: എയർഇന്ത്യയിലെ എയർഹോസ്റ്റസ് ട്രെയിനിയായ രൂപാൽ ഓഗ്രെയെ (24) കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ വിക്രം അത്‌വലിന്റെ (40) മരണത്തിൽ ദുരൂഹത.

കസ്റ്റഡി കാലാവധി അവസാനിക്കുന്ന ദിവസമായിരുന്നു അത്‌വലിനെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം ട്രൗസർ ഉപയോഗിച്ചാണ് അത്വൽ തൂങ്ങി മരിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ ഒരു ചെറിയ സെല്ലിൽ കഴുത്തിൽ ട്രൗസർ മുറുക്കി ഒരാൾ തൂങ്ങിമരിക്കുന്നത് എങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. കൂടാതെ, അയാൾ തൂങ്ങിയ പൈപ്പിന് ഭാരം താങ്ങാനുള്ള ശക്തിയില്ലായിരുന്നു എന്നും ആരോപണമുണ്ട്.

പൊവാർ പൊലീസിന്റെ അധികാരപരിധിയിലാണ് കൊലപാതകം നടന്നതെങ്കിലും അത്‌വലിനെ അന്ധേരി പൊലീസ് സ്‌റ്റേഷനിലെ സെല്ലിൽ പാർപ്പിച്ചത് മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. സംഭവം നടന്ന ദിവസം സ്റ്റേഷനിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

പൊലീസ് പറയുന്നത് അനുസരിച്ച് വെള്ളിയാഴ്ച രാവിലെ 6.30തോടെ അത്‌വലിനെ സെല്ലിൽ കാണാതായി. തുടർന്ന് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. ആത്മഹത്യയ്ക്ക് ഒരു ദിവസം മുമ്പ് അത്‌വലിനെ പവായിലെ ചന്ദിവാലിയിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. കുടുംബാംഗങ്ങളെ കണ്ടതിന് ശേഷമുള്ള കുറ്റബോധമായിരിക്കാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

അതേസമയം എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലോക്കപ്പ് സി.സി.ടി.വി നിരീക്ഷണത്തിലാണ്. പൊലീസ് സ്റ്റേഷൻ സന്ദർശന വേളയിൽ ഡെപ്യൂട്ടി കമ്മീഷണർ സെല്ലുകൾ സന്ദർശിച്ച് ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. കോടതിയിൽ വാദം കേൾക്കുന്നതിന് മുമ്പ് കുറ്റാരോപിതന്‍റെ മരണം അയാളെ നിരീക്ഷിക്കാൻ ചുമതലയുള്ള പൊലീസുകാർക്ക് പ്രശ്‌നമുണ്ടാക്കുന്നതാണ്. അത്‌വലിനെ നിരീക്ഷിക്കണ്ട ഗാർഡുകൾ മുതൽ ചുമതല നൽകിയ ഉദ്യോഗസ്ഥരെ വരെ ചോദ്യം ചെയ്യുമെന്നും കൂടുതൽ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നുമാണ് ലഭ്യമായ വിവരം.

അന്ധേരി മരോളിലെ എൻ.ജി. കോംപ്ലക്സിലെ ഫ്ലാറ്റിനുള്ളിൽ കഴിഞ്ഞ ഞായറാഴ്ചയാണ് രുപാൽ ഒഗ്രേ കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൗസിങ് സൊസൈറ്റി ശുചീകരണജീവനക്കാരനായ വിക്രം അത്‌വൽ പിടിയിലാവുകയായിരുന്നു. രുപാൽ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ ജീവനക്കാരനായിരുന്നു ഇയാൾ.

ഏതാനം ദിവസങ്ങൾക്കുമുമ്പ് ഇയാളെ രുപാൽ ശകാരിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു പ്രാഥമികനിഗമനം. വീട് വൃത്തിയാക്കാനെന്ന പേരിലായിരുന്നു വിക്രം യുവതിയുടെ ഫ്ലാറ്റിൽ കയറിയത്. പിന്നീട് കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. കസ്റ്റഡിയിലുണ്ടായിരുന്ന ആദ്യദിവസം തന്നെ അത്‌വലുമായി കൊലപാതകം നടന്ന സ്ഥലത്തെത്തി പൊലീസ് തെളിവെടുത്തിരുന്നു. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും ഇവിടെനിന്ന് കണ്ടെടുത്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe