‘മുണ്ടേരി തിങ്ങ്സ്’, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് പിടിയിലായത് 17-ാം വയസിൽ, താക്കീത് നൽകി വിട്ടിട്ടും ആവ‍ർത്തനം; 18കാരൻ പിടിയിൽ

news image
Mar 25, 2026, 6:40 am GMT+0000 payyolionline.in

കൽപ്പറ്റ: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച പതിനെട്ടുകാരൻ പിടിയിൽ. തരിയോട് കാവുംമന്ദം കോമത്തൊടി വീട്ടിൽ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകൾ വഴിയാണ് യുവാവ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. മുമ്പ് ഇതേ കുറ്റത്തിന് ഇയാൾ പിടിയിലാകുകയും പ്രായപൂർത്തിയാവാത്തതിനാൽ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും കുറ്റം ആവർത്തിക്കുകയായിരുന്നു. 2025 ഒക്ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങൾ മോശമായ രീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെൺകുട്ടിയുടെ ആദ്യ പരാതി വയനാട് സൈബർ പൊലീസിന് ലഭിക്കുന്നത്. പരാതി പ്രകാരം അന്വേഷണം തുടങ്ങിയ പൊലീസ് ‘മുണ്ടേരി തിങ്ങ്സ്’ എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയും അക്കൗണ്ട് ഉപയോഗിച്ചിരുന്നത് യദു കൃഷ്ണയാണെന്നും കണ്ടെത്തി.

എന്നാൽ, യദുവിന് അന്ന് പ്രായപൂർത്തിയാവാത്തതിനാൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. എന്നാൽ ഇയാൾ 2026 മാർച്ചിൽ കുറ്റകൃത്യം ആവർത്തിക്കുകയും ഇയാൾക്കെതിരെ പരാതി ലഭിക്കുകയുമായിരുന്നു. മറ്റു രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയും ടെലഗ്രാം അക്കൗണ്ടുകൾ വഴിയുമാണ് വീണ്ടും ചിത്രങ്ങൾ പ്രചരിപ്പിച്ചത്. അച്ഛന്റെ പേരിലുള്ള ഫോൺ നമ്പർ ഉപയോഗിച്ചാണ് ഇയാൾ അക്കൗണ്ടുകൾ തുടങ്ങിയത്. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സി.ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe