തിരുവനന്തപുരം > മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്നുചേരും. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായാണ് യോഗം. പുനരധിവാസത്തിന്റെ നടപടിക്രമങ്ങളും നടത്തിപ്പും നിലവിൽ ഉയരുന്ന പരാതികളുമടക്കം ചർച്ച ചെയ്യും. ജനുവരിയിൽ ഗുണഭോക്താക്കളുടെ പട്ടിക പൂർത്തിയാക്കാനാണ് തീരുമാനം. പുനരധിവാസ പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ്. വീടുകൾ നിർമിക്കാൻ സന്നദ്ധത അറിയിച്ചവരുമായി അടുത്ത ദിവസങ്ങളിൽ തന്നെ ചീഫ് സെക്രട്ടറി ചർച്ച നടത്തും. പുനരധിവാസത്തിനു സഹായം വാഗ്ദാനം ചെയ്ത കർണാടക, തെലങ്കാന സർക്കാരുകളുമായടക്കം മുഖ്യമന്ത്രി നേരിട്ട് കൂടിക്കാഴ്ച നടത്തും.
നെടുമ്പാറ, എൽസ്റ്റോൺ എസ്റ്റേറ്റുകളാണ് പുനരധിവാസത്തിനായി സർക്കാരിന്റെ പരിഗണനയിലുള്ളത്. ഭൂമി ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുക്കാനാണ് ധാരണ. അഡ്വാൻസായി ഭൂമി ഏറ്റെടുക്കലിനെതിരെ എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ പോയിരുന്നു. ഭൂമിയ്ക്ക് നഷ്ട പരിഹാരം നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി വിധി അനുസരിച്ചായിരിക്കും നടപടിയുമായി മുന്നോട്ട് പോകുക. ദുരന്തബാധിതരുടെ പുനരധിവാസത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് എൽഡിഎഫ് സർക്കാരിന്.