വയനാട്: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിന്റെ കുറ്റപത്രം ഫയലിൽ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. കുറ്റപത്രത്തിൽ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകൾ ഇല്ലെന്നും വിമർശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലിൽ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാൻ വനംവകുപ്പ് തയാറാക്കിയത് ദുർബലമായ കുറ്റപത്രമെന്ന ആരോപണം ഇതോടെ ശക്തമാകുകയാണ്. എന്നാൽ പുതുക്കിയ കുറ്റപത്രം ഇന്ന് തന്നെ സമർപ്പിക്കുമെന്ന് വനംവകുപ്പ അറിയിച്ചു. കുറ്റപത്രം കോടതി മടക്കിയ സംഭവത്തിൽ സിസിഎഫിനോട് വനംമന്ത്രി ഷിബു ബേബി ജോൺ വിശദീകരണം തേടി. ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം നിർദേശം നൽകി.
സംഭവം നടന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഈ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മരങ്ങൾ വനത്തിനുള്ളിൽ നിന്നുള്ളതാണോ എന്നുൾപ്പെടെ തെളിവ് സഹിതം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 17നാണ് ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലെന്നാണ് കോടതിയുടെ വിമർശനം. ഇതിൽ സംസ്ഥാന സർക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. വനംവകുപ്പ് മന്ത്രി ഉടനടി നോർത്തേൺ സിസിഎഫിനെ വിളിച്ച് വിശദീകരണം ആവശ്യപ്പെടുകയും അത് ഉടനടി സമർപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
വിവാദ ഉത്തരവിന്റെ മറവിൽ 14 കോടിയുടെ മരങ്ങൾ മുറിച്ചു കടത്തിയത് 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 52 കേസുകൾ വനം വകുപ്പ് രജിസ്റ്റർ ചെയ്തിരുന്നു. 40 കേസുകളിലും അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളാണ്. മുൻ വനംമന്ത്രിയുടെ ഇടപെടലിനെത്തുടർന്നായിരുന്നു കുറ്റപത്രം സമർപ്പിച്ചിരുന്നത്.
