മുഖ്യമന്ത്രി പിണറായി വിജയന് വിവാഹ വാർഷിക ആശംസകൾ നേർന്ന് മന്ത്രി റിയാസ്

news image
Sep 2, 2023, 7:43 am GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലക്കും വിവാഹ ആശംസകൾ നേർന്ന് മന്ത്രിയും മകൾ വീണയുടെ പങ്കാളിയുമായ പി എ മുഹമ്മദ് റിയാസ്. വിവാഹ വാർഷിക ആശംസകൾ എന്ന അടിക്കുറിപ്പോടെ പിണറായി വിജയന്റെയും ഭാര്യ കമലയുടെയും ചിത്രമാണ് റിയാസ് പങ്കുവെച്ചത്.

1979 സെപ്റ്റംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയും പിണറായി വിജയനും തമ്മിലുള്ള വിവാഹം നടന്നത്. തലശേരി സെന്‍റ് ജോസഫ് സ്കൂളിലെ അധ്യാപികയായിരുന്നു കമല. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍. അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങൾക്കും ജയിൽവാസത്തിനും ശേഷമായിരുന്നു തൈക്കണ്ടിയില്‍ ആണ്ടിമാഷുടെ മകള്‍ ടി കമലയുമായുള്ള പിണറായി വിജയന്‍റെ വിവാഹം.

പിണറായി വിജയന്റെ വിവാഹ ക്ഷണക്കത്ത് നേരത്തെ വൈറലായിരുന്നു. അന്നത്തെ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍റെ പേരിലാണ് ക്ഷണക്കത്ത് അച്ചടിച്ചത്. സ. പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടിമാസ്റ്ററുടെ മകള്‍ ടി.കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്. താങ്കളുടെ സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു ക്ഷണക്കത്തിലെ വാചകങ്ങള്‍. നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് മുഖ്യമന്ത്രിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ആശംസകള്‍ നേരുന്നത്. കഴിഞ്ഞ വര്‍ഷം വാര്‍ഷിക ദിനത്തില്‍ ഭാര്യ കമലയോടൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe