തിരുവനന്തപുരം∙ പ്രസംഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റപ്പോൾ ഉമ്മൻ ചാണ്ടിക്കു മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരെ വിലക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും. അനുസ്മരണ പരിപാടിക്കു പാർട്ടി നേതൃത്വം പിണറായി വിജയനെ ക്ഷണിച്ചതിലെ അതൃപ്തിയാണു പ്രവർത്തകരിൽ ഒരു വിഭാഗം പ്രകടിപ്പിച്ചത്. നേതാക്കൾ വിലക്കിയതോടെ ഇവർ ശാന്തരായി.
രാഷ്ട്രീയകക്ഷി പ്രതിനിധികളെയും മത, സാമൂഹിക നേതാക്കളെയും മാത്രം ക്ഷണിച്ചു സർവകക്ഷി അനുസ്മരണ സമ്മേളനം നടത്താനായിരുന്നു കെപിസിസി ആദ്യം തീരുമാനിച്ചത്. എന്നാൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു കേരളം നൽകുന്ന ആദരമായാണു പരിപാടി സംഘടിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രിയെക്കൂടി പങ്കെടുപ്പിക്കണമെന്നും നേതൃനിരയിൽ അഭിപ്രായമുയർന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും മുതിർന്ന നേതാവ് എ.കെ.ആന്റണിയുമടക്കം ഈ അഭിപ്രായക്കാരായിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനു ശക്തമായ വിയോജിപ്പും പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ആശങ്കയുമുണ്ടായിരുന്നെങ്കിലും കൂട്ടായ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
പ്രതിപക്ഷ നേതാവ് തന്നെയാണു മുഖ്യമന്ത്രിയെ ക്ഷണിച്ചത്. മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചെടുത്ത തീരുമാനമെന്നാണു വി.ഡി.സതീശൻ ഇന്നലെ മാധ്യമങ്ങളോടു വിശദീകരിച്ചത്. എന്നാൽ തീരുമാനം ദഹിക്കാത്ത പ്രവർത്തകർ കെപിസിസി ഓഫിസിലേക്കും നേതാക്കളുടെ ഫോണുകളിലേക്കും വിളിച്ചു വികാരപ്രകടനം നടത്തി. ഇതിന്റെ തുടർച്ചയായിരുന്നു അനുസ്മരണ സമ്മേളനം നടന്ന അയ്യങ്കാളി ഹാളിലുയർന്ന മുദ്രാവാക്യം.