മുംബൈ: ലിവ് ഇൻ പാർട്നറെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങിയ സംഭവത്തിൽ പ്രതി ഇടക്കിടെ മൊഴി മാറ്റുന്നുണ്ടെന്ന് പൊലീസ്. 56കാരനായ മനോജ് സനെയാണ് പ്രതി. നേരത്തെ കൊല്ലപ്പെട്ട 30 കാരിയായ സരസ്വതി വൈദ്യ തനിക്ക് മകളെപ്പോലെയാണെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ബോറിവലിയിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രായ വ്യത്യാസം മൂലം വിവാഹക്കാര്യം മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. വിവാഹത്തിന്റെ സാക്ഷികളെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹം നടത്തിയ പൂജാരിയെ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്.
അതേസമയം, കൊലപാതക ശേഷം ഇയാൾ മൃതദേഹത്തിന്റെ ചിത്രം എടുത്തതായും പൊലീസ് പറഞ്ഞു. മൃതദേഹം എങ്ങനെ സംസ്കരിക്കാം എന്നത് സംബന്ധിച്ച് നിരവധി തവണ ഗൂഗിളിൽ പരതുകയും ചെയ്തിട്ടുണ്ട്.
മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. സമീപത്തുള്ള കടയിൽ നിന്നായിരുന്നു കട്ടർ വാങ്ങിയത്. മൃതദേഹം കഷ്ണങ്ങളാക്കുന്നതിനിടെ കട്ടറിന്റെ ചെയിൻ കേടാവുകയും അത് ഇതേ കടയിൽ കൊണ്ടുപോയി നന്നാക്കുകയും ചെയ്തിട്ടുണ്ട്.
കട്ടർ പൂർണമായും വൃത്തിയാക്കിയാണ് ഇയാൾ കൊണ്ടുപോയിരുന്നത്. ഇതു കൊണ്ട് എന്താണ് ചെയ്തിരുന്നതെന്ന് ആർക്കും തിരിച്ചറിയാനായില്ല. കൂടാതെ, മൃതദേഹത്തിൽ നിന്ന് വരുന്ന ദുർഗന്ധം ഇല്ലാതാക്കൻ എന്തു ചെയ്യണമെന്നും പ്രതി ഗൂഗിളിൽ തിരിഞ്ഞിരുന്നു. അതിനു ശേഷം സമീപത്തെ കടയിൽ നിന്ന് അഞ്ച് ബോട്ടിൽ യുക്കാലിപ്സ് ഓയിൽ വാങ്ങി.