മുംബൈ: കൊക്കെയ്ൻ നിറച്ച ക്യാപ്‌സ്യൂളുകൾ കടത്താൻ ശ്രമിച്ച ബ്രസീലിയൻ യുവതി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുമ്പ് 124 കൊക്കെയ്ൻ നിറച്ച ക്യാപ്‌സ്യൂളുകൾ യുവതി വിഴുങ്ങിയിരുന്നുവെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) അധികൃതര്‍ അറിയിച്ചു. 9.73 കോടി രൂപയോളം വില വരുന്ന കൊക്കെയ്ൻ ആണ് യുവതി കടത്താൻ ശ്രമിച്ചത്.
ഇവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അംഗമാണെന്നും മറ്റ് അംഗങ്ങളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥൻ പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച സാവോ പോളോയിൽ നിന്ന് വന്ന യുവതിയെ ഡിആർഐ മുംബൈ സോണൽ യൂണിറ്റ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ മയക്കുമരുന്ന് അടങ്ങിയ ക്യാപ്‌സ്യൂളുകൾ വിഴുങ്ങിയതായി യാത്രക്കാരി സമ്മതിച്ചു.
തുടര്‍ന്ന് ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9.73 കോടി രൂപ വിലമതിക്കുന്ന 973 ഗ്രാം കൊക്കെയ്ൻ അടങ്ങിയ 124 ക്യാപ്‌സ്യൂളുകൾ ആണ് യുവതി വിഴുങ്ങിയിരുന്നത്. യാത്രക്കാരിയെ അറസ്റ്റ് ചെയ്തതായും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.