വടകര: ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വ്യാപകമായി മണ്ണിടിഞ്ഞ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകുമെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ്. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം ഏറെ ഗൗരവമുള്ളതാണെന്നും അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയം പൊതുമരാമത്ത് മന്ത്രിയുടെയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.കെ. രമ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറമ്പത്ത് പ്രഭാകരൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സി. നിജീൻ, പി. ബാബുരാജ്, അനിത പിലാക്കണ്ടി, പ്രദീപ് ചോമ്പാല, അരവിന്ദൻ മാടാക്കര, കെ.കെ. ശ്രീജിത്ത്, ജൗഹർ വെള്ളികുളങ്ങര, കെ.കെ. ഷെറിൻ കുമാർ എന്നിവരും മന്ത്രിയോടൊപ്പം സ്ഥലത്തുണ്ടായിരുന്നു.
