മീഞ്ചന്ത ബൈപാസിലെ കല്ലുത്താൻ കടവ്‌ പാലവും 
പുത്തനാവും; ടെൻഡർ ക്ഷണിച്ചു

news image
Sep 21, 2023, 9:00 am GMT+0000 payyolionline.in
കോഴിക്കോട്‌ : മീഞ്ചന്ത ബൈപാസിലെ കല്ലുത്താൻ കടവ്‌ പാലം  1.48 കോടി രൂപ ചെലവിൽ നവീകരിക്കുന്നു. 1994ൽ നിർമിച്ചതാണ്‌ 52.5 മീറ്റർ നീളമുള്ള പാലം. നവീകരണത്തിന്‌ ടെൻഡർ ക്ഷണിച്ചു. മൂന്ന്‌ സ്‌പാനുകളുള്ള പാലം ശാസ്‌ത്രീയമായി അറ്റകുറ്റപ്പണി നടത്തി കുറഞ്ഞത്‌ 20 വർഷം ആയുസ്സ്‌‌ നീട്ടിയെടുക്കാനാവുമെന്നാണ്‌ വിലയിരുത്തൽ. പാലത്തിന്‌ ബലക്ഷയമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
മിനി ബൈപാസിലെ പാലം കോഴിക്കോട്‌ നഗരത്തിലെ പ്രധാന പാലങ്ങളിലൊന്നാണ്‌.  കമ്പികൾ  തുരുമ്പെടുത്ത്‌ ബലക്ഷയം ഉണ്ടാകാതിരിക്കാനുള്ള കാഥോഡിക്‌ പ്രൊട്ടക്‌ഷൻ സാങ്കേതികവിദ്യയാണ്‌ നവീകരണത്തിന്റെ ഭാഗമായി പ്രധാനമായി നടത്തുക. കൈവരികളുടെ പുനർനിർമാണവും മറ്റ്‌ അറ്റകുറ്റപ്പണികളും സൗന്ദര്യവൽക്കരണവും ഉൾപ്പെടെയുള്ള പ്രവൃത്തികളും നവീകരണത്തിൽ ഉൾപ്പെടും. ഒക്ടോബർ 10നാണ്‌ ടെൻഡർ തുറക്കുക.
നഗരത്തിലെ പ്രധാന പാലങ്ങളിലൊന്നായ സിഎച്ച്‌ മേൽപ്പാലത്തിന്റെ നവീകരണം അവസാനഘട്ടത്തിലാണ്‌. ഫ്രാൻസിസ്‌ റോഡിൽ പുഷ്‌പ ജങ്ഷനിലെ എ കെ ജി മേൽപ്പാലം നവീകരണത്തിന്‌  സാങ്കേതിക അനുമതിയായി ടെൻഡർ നടപടി തുടങ്ങി.
ഒക്‌ടോബർ ആറാണ്‌ ടെൻഡർ തുറക്കുക.  നഗരത്തിലേക്ക്‌ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ എത്തുന്ന പാലം നവീകരണത്തിന്‌ 3.015 കോടി രൂപയാണ്‌ അനുവദിച്ചത്‌. നഗരത്തിലെ പാലങ്ങളുടെയും റോഡുകളുടെയും നവീകരണത്തിനായി 12.6 കോടി രൂപയുടെ പ്രവൃത്തിക്കാണ്‌ സർക്കാർ ഭരണാനുമതി നൽകിയത്‌. ഇതിൽ 9.11 കോടി രൂപ നഗരത്തിലെ പാലങ്ങളുടെ ബലക്ഷയം പരിഹരിക്കാനും സൗന്ദര്യവൽക്കരണത്തിനുമാണ്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe