ഇന്ന് വൈകീട്ട് 6 മുതൽ നാളെ 6 വരെ തലസ്ഥാനത്ത് ഡ്രൈ ഡേ; സുരക്ഷ ശക്തമാക്കി പൊലീസ്, പൊങ്കാലക്കൊരുങ്ങി നാട്

news image
Mar 12, 2025, 3:33 am GMT+0000 payyolionline.in

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് തലസ്ഥാന ന​ഗരിയിൽ മദ്യത്തിന് 24 മണിക്കൂർ നിയന്ത്രണം. മാർച്ച് 12ന് വൈകീട്ട് 6 മണിമുതൽ 13ന് 6 വരെ ഡ്രൈ ഡേ ആക്കി നേരത്തെ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് കൂടാതെ നഗരത്തില്‍ വ്യാപക പരിശോധന നടന്നു വരികയാണ്. സിറ്റി പൊലീസ്, റെയില്‍വേ പൊലീസ്, എക്‌സൈസ്  തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സംയുക്ത  പരിശോധന നടത്തുന്നത്.  റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റുകൾ, ഒഴിഞ്ഞു കിടക്കുന്ന പറമ്പുകള്‍, കെട്ടിട സമുച്ചയങ്ങള്‍, പാഴ്‌സല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തി. ആറ്റുകാല്‍ പൊങ്കാലയിടാനായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് വളരെ സുരക്ഷിതമായി പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയാണ് തിരുവനന്തപുരം സിറ്റി പൊലീസ്.

ഈ സുരക്ഷാ പരിശോധനകള്‍ പൊങ്കാല കഴിയുന്നതുവരെ തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പൊങ്കാല ഡ്യൂട്ടിക്ക് ഇത്തവണ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 120 പേരെയും പൊങ്കാല ഉത്സവത്തിന് ഏകദേശം 1000 വനിതാ പൊലീസുകാരെയും നിയോഗിക്കും. പൊങ്കാല ചരിത്രത്തിൽ ആദ്യമായി ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് വനിതാ ഉദ്യോഗസ്ഥരെയും നിയോഗിക്കും. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ പൊങ്കാല ദിവസം 10 മെഡിക്കൽ ടീമുകൾ അധികമായി പ്രവർത്തിക്കും. എക്സൈസിന്‍റെ പ്രത്യേക സ്ക്വാഡുകളും വിമുക്തി സെല്ലും 24 മണിക്കൂർ ഡ്യൂട്ടിയിലുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe