ഇംഫാൽ: മാപ്പു നൽകുന്നതിലൂടെയും മറക്കുന്നതിലൂടെയും ഒത്തൊരുമിച്ച് പുരോഗതിയിലേക്കുള്ള പാതയിലേക്ക് നീങ്ങാമെന്നു മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. മൂന്നു മാസങ്ങൾക്ക് ശേഷം കലാപബാധിത മണിപ്പുരിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ സമാധാനശ്രമങ്ങൾക്ക് ശ്രമിക്കുകയായിരുന്നു അദ്ദേഹം.
പുറത്തുനിന്നെത്തിയ ശക്തികളാണ് കലാപം രൂക്ഷമാക്കിയത്. ഇവർക്കാണ് കലാപത്തിന്റെ ഉത്തരവാദിത്തം. ലഹരിക്കെതിരായ പോരാട്ടം തുടരുമെന്നും കലാപം അവസാനിപ്പിക്കണമെന്നും ബിരേൻ സിങ് പറഞ്ഞു. 77ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇംഫാലിൽ ദേശീയപതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘മാപ്പ് നൽകിയും എല്ലാംമറന്നും ഒത്തൊരുമിച്ച് പുരോഗതിയുടെ പാതയിലേക്കുള്ള യാത്ര നമുക്ക് തുടരാം. കഴിഞ്ഞ മൂന്നുമാസങ്ങളായി നമുക്കത് നഷ്ടപ്പെട്ടിരിക്കുന്നു. കലാപം പുരോഗതികൾ കൊണ്ടുവരില്ല. സമുദായങ്ങൾ തമ്മിൽ തെറ്റിധാരണകളോ ആശയക്കുഴപ്പങ്ങളോ ഉണ്ടെങ്കിൽ നമുക്ക് ഒരുമേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്യാം. ഇതിനായി വാതിലുകൾ എപ്പോഴും തുറന്നിട്ടിട്ടുണ്ടാകും’–ബിരേൻ സിങ് പറഞ്ഞു. മേയ് 3ന് തുടങ്ങിയ മണിപ്പുർ കലാപത്തിൽ ഇതുവരെയായി 180ഓളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. 3000 ആളുകൾക്ക് പരുക്കേറ്റു.