ആലപ്പുഴ: മാന്നാർ കല കൊലപാതക കേസിൽ കസ്റ്റഡിയിലുള്ള പ്രതികളെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം. മൂന്നു പേരെയും മൂന്ന് സ്ഥലത്താണ് ചോദ്യം ചെയ്യുന്നത്. ഒന്നാംപ്രതി അനിലിന്‍റെ അടുത്ത സുഹൃത്തുക്കളായ കൂടുതൽ പേരെയും മാന്നാർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തുടങ്ങി. അനിലിന്‍റെ അടുത്ത സുഹൃത്തായ മാന്നാർ സ്വദേശിയെ ഇടുക്കി നെടുംകണ്ടത്തെത്തി പൊലീസ് കൂട്ടിക്കൊണ്ടുവന്നു.
ചോദ്യം ചെയ്യേണ്ട ആളുകളുടെ പട്ടിക പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി. കലയുടെ ഭിന്നശേഷിക്കാരനായ സഹോദരന്റെയും മൊഴി എടുത്തു. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘം കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും. ഫോറൻസിക് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഉടൻ കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷ.