കോഴിക്കോട് > മാനാഞ്ചിറ – വെള്ളിമാടുകുന്ന് നഗരപാത നവീകരണത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടം പൊളിക്കൽ അന്തിമഘട്ടത്തിൽ. റവന്യൂ വകുപ്പ് ഏറ്റടുത്ത് നൽകിയ ഭൂമിയിലെ വീടുകളും വാണിജ്യ കെട്ടിടങ്ങളുമാണ് പൊതുമരാമത്ത് വകുപ്പ് പൊളിച്ചുമാറ്റുന്നത്. രണ്ടാഴ്‌ചക്കകം പൂർത്തിയാകും.
277 സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 3.4621 ഹെക്‌ടർ ഭൂമിയാണ് പാത നവീകരണത്തിനായി ഏറ്റെടുക്കാനുള്ളത്. ഇതിൽ ഭൂമി ഏറ്റെടുക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ച നാലുപേരുടെയും പുനരധവിവാസ പാക്കേജിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടാത്ത നാലു പേരുടെയും ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്.
പുനരധിവാസ പാക്കേജിൽ വിട്ടുപോയവരുടെ പാക്കേജ് റവന്യൂവകുപ്പ് കണക്കാക്കി ലാൻഡ് റവന്യൂ വിഭാഗം ഡെപ്യൂട്ടി കലക്ടർക്ക് കൈമാറിയിട്ടുണ്ട്. സർക്കാരിന്റെ അന്തിമാനുമതി ലഭിക്കുന്നതോടെ ഇവർക്ക് നഷ്ടപരിഹാരം നൽകാനാവും. കേസിന് പോയവരുടെ കാര്യത്തിൽ കോടതി വിധിക്കുശേഷമാകും അന്തിമ തീരുമാനം.
ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ റോഡ് നിർമാണത്തിലേക്ക് കടക്കാനാകും. കേരള റോഡ് ഫണ്ട് ബോർഡിന്റെ ഡിസൈനിങ് വിങ് 131 കോടിയുടെ വിശദ പദ്ധതിയാണ് തയ്യാറാക്കിയത്. ഇതിന് ഭരണാനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടി ആരംഭിക്കും. കോഴിക്കോട് – കൊല്ലഗൽ ദേശീയപാത എൻഎച്ച് – 766ന്റെ ഭാഗമാണ് റോഡ്.
കസബ, കച്ചേരി, വേങ്ങേരി, ചേവായൂർ വില്ലേജുകളിലായി എട്ടുകിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നാലുവരിയാക്കി വികസിപ്പിക്കുന്നതിന് 7.2947 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നടപടിക്രമങ്ങൾക്കുള്ള തുക ഉൾപ്പെടെ 344.5 കോടിയാണ് സ്ഥലമേറ്റെടുപ്പിനായി അനുവദിച്ചത്. 240.52 കോടി രൂപ ഇതിനകം വിതരണംചെയ്‌തു