മാധ്യമസ്വാതന്ത്ര്യം ഏറ്റവും ശക്തം കേരളത്തിൽ: മന്ത്രി പി രാജീവ്

news image
Oct 19, 2024, 3:21 am GMT+0000 payyolionline.in

കൊച്ചി: രാജ്യത്ത്‌ മാധ്യമപ്രവർത്തകർ ദുരിതമനുഭവിക്കുന്ന കാലത്ത്‌, മാധ്യമസ്വാതന്ത്ര്യം ഏറ്റവും ശക്തമായി നിലനിൽക്കുന്നത്‌ കേരളത്തിലാണെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌.  കേരള പത്രപ്രവർത്തക യൂണിയൻ 60-–-ാം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മുൻകാലങ്ങളിൽ അച്ചടിമഷിപുരണ്ടത്‌ എല്ലാം സത്യമായിരുന്നു;  ഇന്ന്‌ അതല്ല സ്ഥിതി. മാധ്യമപ്രവർത്തനത്തിന്‌ അടിമുടി മാറ്റം സംഭവിച്ചു. വസ്തുതയിൽനിന്ന് ഭാവനയിലേക്കുള്ള പരിണാമത്തിന്റെ വ്യത്യസ്തഘട്ടങ്ങൾ മാധ്യമചരിത്രത്തിൽ കാണാം. ഒരുഘട്ടം കഴിഞ്ഞപ്പോൾ വാർത്തയും വിശകലനവും വേർതിരിച്ച് അറിയാൻ കഴിയാത്ത സ്ഥിതിയായി.  ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങൾ വാർത്തയുടെ വിശ്വാസ്യത കാത്തുസംരക്ഷിക്കേണ്ടതുണ്ട്.

 

ബ്രേക്കിങ്‌ ന്യൂസിന്റെ കാലഘട്ടത്തിൽ മാധ്യമപ്രവർത്തകർ കടുത്ത സമ്മർദത്തിലാണ്‌ തൊഴിലെടുക്കുന്നത്‌.  റേറ്റിങ്ങിനായുള്ള മത്സരത്തിനിടെ,  നെഗറ്റീവ് വാർത്തകൾക്കാണ്‌ മുൻതൂക്കം. പോസിറ്റീവ്‌ വാർത്തകൾ തമസ്‌കരിക്കുന്നു.  മാധ്യമങ്ങൾ വിശ്വാസ്യതയും സ്വീകാര്യതയും വീണ്ടെടുക്കണം. വൈകാരികതലത്തിൽനിന്ന്‌ മാറി  വസ്തുതയ്ക്ക്‌ മുൻതൂക്കം നൽകണം.

ഏതുവാർത്തയും വിശകലനം ചെയ്യാനും പരിശോധിക്കാനും അതിനകത്ത്‌ കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കാനും സർക്കാർ ക്രിയാത്മക സമീപനം പുലർത്തുന്നുണ്ട്‌. എന്നാൽ, വിമർശങ്ങൾ വസ്തുതാപരമായിരിക്കാനുള്ള ശ്രമം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്  എം വി വിനീത അധ്യക്ഷയായി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe