തിരുവനന്തപുരം∙ മാത്യു കുഴൽനാടൻ എംഎൽഎ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ കെട്ടിടം വാങ്ങി വിലകുറച്ചു റജിസ്റ്റർ ചെയ്തെന്നുള്ള ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ വിജിലൻസിന് അനുമതി നൽകി. ആഭ്യന്തര അഡിഷനൽ സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയത്.
ചിന്നക്കനാൽ വില്ലേജിൽ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും റജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു. തുടർന്നു വിജിലൻസ് രഹസ്യാന്വേഷണം നടത്തി പ്രാഥമിക അന്വേഷണത്തിനായി സർക്കാർ അനുമതി തേടി. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17–ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണത്തിന് അനുമതി നൽകിയത്.3 മാസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി സർക്കാരിനു റിപ്പോർട്ട് നൽകും. ഉത്തരവിൽ മാത്യു കുഴൽ നാടൻ എംഎൽഎയുടെ പേര് പരാമർശിക്കുന്നില്ല. ഇക്കാര്യം അന്വേഷിക്കണമെന്ന് നേരത്തേ സിപിഎം ആവശ്യപ്പെട്ടിരുന്നു. കുഴൽനാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവു ചട്ടം ലംഘിച്ചാണു നിർമിച്ചതെന്നായിരുന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനന്റെ ആരോപണം .
ഭൂമി വാങ്ങിയതിൽ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടർന്ന്, സിപിഎം വിജിലൻസിനു പരാതി നൽകി. നികുതി വെട്ടിപ്പു നടത്തിയിട്ടില്ലെന്നും ഭൂമി റജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു.
എത്ര വേണമെങ്കിലും അന്വേഷിക്കാം: കുഴൽനാടൻ
തിരുവനന്തപുരം∙ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാരിന് എത്ര വേണമെങ്കിലും അന്വേഷിക്കാം. വിശദമായ പ്രതികരണം ഇന്നു നടത്തുമെന്നും അദ്ദേഹം പറഞ്ഞു.