ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സ്ഥാനാർഥി നിർണയത്തിലും സീറ്റുവിഭജനത്തിലും രാഹുൽ ഗാന്ധിക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ചർച്ചകൾ നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് യോഗം ചേർന്ന ദിവസം തന്നെയാണ് രാഹുലിന്റെ അതൃപ്തി സംബന്ധിച്ച വാർത്തകളും പുറത്ത് വരുന്നത്.
മത്സരിക്കുന്ന 85 സീറ്റുകളിൽ 48 എണ്ണത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സ്ക്രീനിങ് കമ്മിറ്റി ചീഫ് ഇലക്ഷൻ കമ്മിറ്റിക്ക് സമർപ്പിച്ച പേരുകളിൽ രാഹുൽ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളിൽ ചിലരുടെ താൽപര്യങ്ങൾ സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായെന്ന വിമർശനമാണ് രാഹുൽ ഉയർത്തിയത്.
ഇതിനൊപ്പം വിദർഭയിലും മുംബൈയിലും ചില കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലെ സീറ്റുകൾ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന് വിട്ടുനൽകിയതിലും രാഹുൽ ഗാന്ധിക്ക് അതൃപ്തിയുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, എൻ.സി.പി, ശിവസേന പാർട്ടികൾ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്. മൂന്ന് പാർട്ടികളും ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ശിവസേന 65 സീറ്റിലും കോൺഗ്രസ് 48 എണ്ണത്തിലും എൻ.സി.പി 45 സീറ്റിലുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നവംബർ 20നാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23നാണ് വോട്ടെണ്ണൽ.