മഹാരാഷ്ട്രയിലെ അധികാരത്തർക്കം; സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറയാൻ മാറ്റി

news image
Mar 16, 2023, 1:25 pm GMT+0000 payyolionline.in

ദില്ലി: മഹാരാഷ്ട്രയിലെ അധികാരത്തർക്കം വിഷയത്തിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറയാൻ മാറ്റി. ഒമ്പത് ദിവസം നീണ്ട വാദത്തിന് ശേഷം വിധി പറയാൻ മാറ്റിയത്. വാദത്തിനിടെ മുൻ ഗവർണറുടെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

മറാത്ത രാഷ്ട്രീയത്തിന്റെ ​ഗതിവി​​ഗതികൾ നിർണയിച്ചിരുന്ന ശിവസേന രണ്ടായി പിളർന്നതിന് പിന്നാലെ, പാർട്ടിയുടെ അഭിമാനമായിരുന്ന ചി​ഹ്നം അമ്പും വില്ലും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചതുമാണ് പുതിയ സംഭവ വികാസങ്ങൾ. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വിഭാ​ഗത്തിന് കനത്ത തിരിച്ചടിയാണ് ചിഹ്നം നഷ്ടമായതിലൂടെ നേരിട്ടത്. പാർട്ടി ചിഹ്നം കൂടി ഷിൻഡെ വിഭാ​ഗത്തിന് ലഭിച്ചതോടെ ശിവസേനയുടെ കോടിക്കണക്കിന് രൂപ മൂല്യം വരുന്ന ആസ്തികൾ ആരുടെ കൈയിലേക്ക് പോകുമെന്നാണ് പുതിയ ചർച്ച.

പാർട്ടി ആസ്ഥാനമായ ‘ശിവസേനാ ഭവനിലും’ പാർട്ടി മുഖപത്രമായ ‘സാമ്‌ന’യിലും ഷിൻഡെ ​ഗ്രൂപ് അവകാശവാദം ഉന്നയിക്കുമോ എന്നതാണ് മഹാരാഷ്ട്ര രാഷ്ട്രീയം ഉറ്റുനോക്കുന്നത്. നിലവിൽ ഉദ്ധവ് താക്കറെ ക്യാമ്പിന്റെ നിയന്ത്രണത്തിലാണ് ആസ്ഥാനവും പാർട്ടി പത്രവും. മുംബൈയുടെ കണ്ണായ സെൻട്രൽ മുംബൈയിലെ ദാദറിലാണ് ശിവസേന ഭവൻ സ്ഥിതി ചെയ്യുന്നത്. സാമ്‌നയുടെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് പ്രഭാദേവി പ്രദേശത്താണ്. ഈ രണ്ട് സ്ഥാപനങ്ങളും നിലവിൽ വ്യത്യസ്ത ട്രസ്റ്റുകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe