മുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിലെ മുഖ്യപ്രതി മൃഗങ്ക് മിശ്രയെ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കേസ് എന്നു കേസുകളിൽ അന്വേഷണം നേരിടുന്ന ഇയാളെ രാജസ്ഥാനിൽ നിന്നുള്ള പോലീസ് സംഘം പിന്നീട് കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച ദുബായിൽ നിന്ന് എത്തിയ 25കാരനായ മൃഗങ്ക് മിശ്രയെ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി മുംബൈ സഹാർ പോലീസിന് കൈമാറുകയായിരുന്നു.
രാജസ്ഥാനിലെ പ്രതാപ്ഗഡ് പോലീസ് സംഘം ഞായറാഴ്ച മുംബൈയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തു. മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കേസുകളുമായി ബന്ധപ്പെട്ട് മിശ്രയെ തിരയുന്നതായും ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കോടിക്കണക്കിന് രൂപയാണ് ഇയാളും കൂട്ടാളികളും തട്ടിയെടുത്തത്. വാതുവെപ്പിൽ നിന്ന് ലഭിക്കുന്ന പണം വഴിതിരിച്ചുവിടാൻ നിരവധി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ മഹാദേവ് ആപ്പ് പ്രൊമോട്ടർമാരെ മിശ്ര സഹായിച്ചിരുന്നു. സർക്കാരിന്റെ വിവിധ പദ്ധതികളിൽ നിന്ന് പണം ലഭിക്കുമെന്ന് വാഗ്ദ്ധാനം ചെയ്താണ് സാധാരണക്കാരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്നത്. മധ്യപ്രദേശിലെ രത്‌ലം സ്വദേശിയായ മിശ്ര ഏതാനും മാസങ്ങളായി ഗൾഫിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.