തിരുവനന്തപുരം ∙ മഴ ശക്തമായ വടക്കൻ ജില്ലകളിൽ പരക്കെ നാശം. വയനാട് അമ്പലവയലിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി കോട്ടനട മഞ്ഞപ്പുഴയിൽ ഒഴുക്കിൽപെട്ട ഐടിഐ വിദ്യാർഥിയെ കാണാതായി.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയെന്നാണു മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ (ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ചു മൂന്നാറിലാണ് (11 സെന്റിമീറ്റർ) ഏറ്റവും അധികം മഴ ലഭിച്ചത്.
ഇടുക്കി ജില്ലയിൽ ഇന്നലെ രാവിലെ 8ന് അവസാനിച്ച 24 മണിക്കൂറിൽ ശരാശരി 63.68 മില്ലീമീറ്റർ മഴ പെയ്തു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2325.78 അടിയായി.
ബംഗാൾ ഉൾക്കടലിൽ രണ്ടിടത്തായി രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.