മഴക്കെടുതി; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപകനാശനഷ്ടങ്ങൾ; മരങ്ങൾ കടപുഴകി വീണു

news image
Jul 25, 2024, 12:08 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി ജില്ലകളിൽ മഴക്കെടുതിയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ. കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂരിൽ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ഏരൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലെ മരമാണ് റോഡരികിലെ വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണത്. സ്കൂൾ വിട്ട സമയത്തായിരുന്നു സംഭവമുണ്ടായത്. മരം വീണതോടെ അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുകയാണ്.

പാലക്കാട് ജില്ലയിൽ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന് കീഴിലെ വാഹനത്തിന് മുകളിൽ മരം കടപുഴകി വീണു. തെങ്കര പുഞ്ചക്കോട് ഭാഗത്തു കനാൽ പരിശോധനക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഇവിടെ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ അപകടത്തിൽ നിന്ന്  രക്ഷപെട്ടു.

വടക്കൻ പറവൂർ നഗരസഭ ഒന്നാം വാർഡിലെ വ്യന്ദാവൻ ഭാഗത്ത് മരങ്ങൾ ഒടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. വൃന്ദാവൻ ബസ് സ്റ്റോപ്പിലെ പിഡബ്ലിയുഡി പുറമ്പോക്ക് ഭൂമിയിൽ നിന്നിരുന്ന ആറ് മരങ്ങളാണ് നിലം പൊത്തിയത്. കെഎസ്ഇബിയുടെ പോസ്റ്റുകൾ ഒടിഞ്ഞു. പിങ്ക് പോലീസ് വാഹനത്തിൻ്റെ ഗ്ലാസുകളും തകർന്നു.

കനത്ത മഴയിലും കാറ്റിലും കണ്ണൂർ ജില്ലയിൽ നാശ നഷ്ടങ്ങളുണ്ടായി. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി വീശി അടിച്ച മിന്നൽ ചുഴലിയിലാണ് മലയോര മേഖലകളിൽ വ്യാപകനാശ നഷ്ടങ്ങൾ ഉണ്ടായത്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. മരങ്ങൾ കടപുഴകിയും വൈദ്യുതി തൂണുകൾ നിലം പതിച്ചുമാണ് കൂടുതൽ അപകടങ്ങളും. പല വീടുകളുടേയും മേൽക്കൂര കാറ്റിൽ തകർന്നിട്ടുണ്ട്. മരം കടപുഴകി വീണ് ഏച്ചൂർ ലക്ഷം വീട് കോളനിയിലേയും നരിക്കോടും വീടുകൾ തകർന്നു. പാപ്പിനിശ്ശേരിയിലും നിരവധി വീടുകൾ തകർന്നിട്ടുണ്ട്. മലയോര ഹൈവേയിൽ ഉളിക്കൽ പയ്യാവൂർ പാതയിൽ മരങ്ങളും വൈദ്യുത തൂണുകളും തകർന്ന് ഗതാഗതതം തടസ്സപ്പെട്ടു. പുലർച്ചെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ച് മാറ്റി റോഡ് തുറന്നത്.

വയനാട്ടിൽ ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര പറന്നുപോയി. വയനാട് വാളാട് എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽക്കൂരയാണ് പറന്നു പോയത്. അധ്യാപകരും വിദ്യാർത്ഥികളും ക്ലാസ്സിൽ കയറിയ ശേഷമാണ് മേൽക്കൂര സ്കൂൾ മുറ്റത്തേക്ക് വീണത് എന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 10 30 ഓടെയാണ് സംഭവം ഉണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe