മലാപ്പറമ്പിൽ മേൽപ്പാത നിർമാണം ഉടൻ തുടങ്ങും

news image
Oct 9, 2024, 5:03 am GMT+0000 payyolionline.in
കോഴിക്കോട്‌: ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പ്‌ ജങ്ഷനിലെ മേൽപ്പാത പ്രവൃത്തി ഉടൻ തുടങ്ങും. വേദവ്യാസ സ്‌കൂളിന്‌ സമീപമുള്ള അടിപ്പാത തുറന്നശേഷം പ്രവൃത്തിയാരംഭിക്കും. അടിപ്പാതയുടെ ടാറിങ് പൂർത്തിയാക്കി വാഹനം ഇതുവഴി തിരിച്ചുവിട്ടാകും മേൽപ്പാത നിർമാണം. ഒരാഴ്‌ചയ്‌ക്കകം പണിയാരംഭിക്കാനാകുമെന്നാണ്‌ കരാറുകാർ കരുതുന്നത്‌.
വേദവ്യാസ സ്‌കൂളിനു സമീപമുള്ള അടിപ്പാതയുടെ ടാറിങ് 13നകം പൂർത്തിയാക്കും. മറ്റ്‌ പ്രവൃത്തികളെല്ലാം കഴിഞ്ഞു. ഗതാഗത ക്രമീകരണത്തിന്‌ മുന്നോടിയായി യോഗം ചേരും. വാഹനങ്ങളുടെ തിരക്കുൾപ്പെടെ നിരീക്ഷിച്ചശേഷമാകും പ്രവൃത്തിയാരംഭിക്കുക.
വേങ്ങേരി മാതൃകയിലാണ്‌ മലാപ്പറമ്പിലും മേൽപ്പാത ഒരുങ്ങുക. കോഴിക്കോട്‌- വയനാട്‌ റോഡിൽ 40 മീറ്റർ വീതിയിലാകും പാത.
ആറുവരി ദേശീയപാത അടിയിലൂടെ കടന്നുപോകും. സർവീസ്‌ റോഡ്‌ മുകളിലൂടെയാകും. ജങ്ഷന്‌ ഇരുവശത്തുമായുള്ള മണ്ണെടുക്കൽ നേരത്തെ തുടങ്ങിയിരുന്നു.പ്രവൃത്തി 
വേഗത്തിൽ ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി വെങ്ങളം–-രാമനാട്ടുകര റീച്ചിലെ പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുന്നു. മലാപ്പറമ്പ്‌ ജങ്ഷനിലെ മേൽപ്പാത നിർമാണം മാത്രമാണ്‌ തുടങ്ങാനുണ്ടായിരുന്നത്‌. പന്തീരാങ്കാവ്‌, അഴിഞ്ഞിലം, തൊണ്ടയാട്‌, രാമനാട്ടുകര മേൽപ്പാലങ്ങൾ തുറന്നു. വെങ്ങളം, പൂളാടിക്കുന്ന്‌ മേൽപ്പാലങ്ങൾ പൂർത്തിയായി. അപ്രോച്ച്‌ റോഡ്‌ നിർമാണം പുരോഗമിക്കുകയാണ്‌. പാലാഴിയിലും അപ്രോച്ച് റോഡ് പ്രവൃത്തി നടക്കുന്നുണ്ട്. വേങ്ങേരിയിലെ മേൽപ്പാത നിർമാണം 90 ശതമാനം കഴിഞ്ഞു.
ഇവയ്‌ക്കുപുറമെ നാല്‌ പാലങ്ങളാണ്‌ റീച്ചിലുള്ളത്‌. പുറക്കാട്ടിരി, മാമ്പുഴ പാലങ്ങളുടെ നിർമാണം പൂർത്തിയായി. അറപ്പുഴ പാലം അന്തിമഘട്ടത്തിലാണ്. ​കോരപ്പുഴ പാലത്തിൽ ഗർഡറുകൾ പിടിപ്പിക്കുന്ന പ്രവൃത്തികളാണ്‌ നടക്കേണ്ടത്‌.ജില്ലയിൽ 71.3 കിലോമീറ്ററിലാണ്‌ ദേശീയപാത 66 കടന്നുപോകുന്നത്‌. അഴിയൂർ– വെങ്ങളം റീച്ചിൽ വടകരയിൽ മേൽപ്പാലത്തിന്റെ തൂണുകൾ ഒരുക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe