‘മലയാള സിനിമക്ക് വീണ്ടെടുക്കാൻ സാധിക്കാത്ത നഷ്ടം’; ശ്രീനിവാസന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി

news image
Dec 20, 2025, 6:29 am GMT+0000 payyolionline.in

കോഴിക്കോട്: നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനിവാസന്‍റെ വിയോഗം മലയാള സിനിമാലോകത്തിന് വീണ്ടെടുക്കാൻ സാധിക്കാത്ത കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.

സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും തന്‍റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചു. കഥ, തിരക്കഥ, സംവിധാനം, നടൻ എന്നീ റോളുകളിൽ അതുല്യ പ്രതിഭയാണ്. തന്‍റെ ശൈലിയിലൂടെയും നല്ല മൂർച്ചയേറിയ പരിഹാസങ്ങളിലൂടെയും സിനിമ കാണുന്നവരെ വലിയ തലത്തിലേക്ക് ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തന്‍റേതായ ശൈലിയിൽ സിനിമയിലൂടെ അവതരിപ്പിക്കാൻ ശ്രീനിവാസൻ ശ്രമിച്ചു. കണ്ണൂർ പാട്യം സ്വദേശിയായ അദ്ദേഹം നാട്ടിലെ പ്രശ്നങ്ങളടക്കം ഉൾപ്പെടുത്തി സിനിമ എടുത്തത് ഓർക്കുകയാണ്. നിശിതമായ വിമർശനം സിനിമയിലൂടെ ഉയർത്തി കൊണ്ടുവരാൻ കഴിഞ്ഞു. തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണിത്.

കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അഗാധദുഃഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

ഇന്ന് രാവിലെയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലാണ് താമസം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe