‘മലയാളത്തിലെ ഒരു യുഗസൂര്യനാണ് അസ്തമിച്ചത് ‘: എംടിയെ അനുസ്മരിച്ച് പ്രമുഖർ

news image
Dec 26, 2024, 3:25 am GMT+0000 payyolionline.in

തിരുവനന്തപുരം> മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മലയാളസാഹിത്യത്തിലെ ഒരു യുഗസൂര്യനാണ് അസ്തമിച്ചിരിക്കുന്നത് എന്ന് എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മലയാളിയുടെ സർഗജീവിതത്തിലെ പല കാലങ്ങളെയാണ് എം ടി കൂട്ടിയിണക്കിയത്. കാലഘട്ടങ്ങളുടെ ഭാവുകത്വത്തെ നിർണയിച്ച എഴുത്തുകാരൻ, ലോകജീവിതത്തിൻ്റെ വൈവിധ്യങ്ങൾ തേടിയ വലിയ വായനക്കാരൻ, എഴുത്തിലെ പുതുനാമ്പുകളുടെ വേരുബലം കൃത്യമായി തിരിച്ചറിഞ്ഞ പത്രാധിപർ, സാഹിതീയതയുടെ പൈതൃകങ്ങളെ ആദരിക്കാൻ പഠിപ്പിച്ച സംഘാടകൻ എന്നിങ്ങനെ തീരാത്ത വിശേഷണങ്ങളിൽ പടർന്നുകിടക്കുന്നുണ്ട് എംടി എന്ന രണ്ടക്ഷരം. ആ സർഗപ്രപഞ്ചം ഇനിയും കാലങ്ങളിലേക്ക് നീണ്ടു കിടക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയൻ അനുശോചിച്ചു. എംടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി മലയാളിയുടെ സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും ജീവിതാനുഭവങ്ങളെയും  നവീകരിച്ച  സാഹിത്യകാരനാണ് അദ്ദേഹം. എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല, നമ്മുടെ സാംസ്‌കാരികമേഖലയുടെയാകെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക മേഖലയിൽ ശക്തിയാർജ്ജിക്കാനുള്ള ഫാഷിസ്റ്റ്‌ ശ്രമങ്ങൾക്കെതിരെയുള്ള  ശക്തമായി നിലയുറപ്പിച്ച പോരാളി കൂടെയായിരുന്നു അദ്ദേഹമെന്ന് മന്ത്രി സ്മരിച്ചു.

 

മലയാള സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ അസാമാന്യ പ്രതിഭയെയാണ് എംടി യുടെ വേർപാടിലൂടെ നഷ്ടമായതെന്ന് മന്ത്രി വി എൻ വാസവൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാള ഭാഷയെ അക്ഷരങ്ങളിലൂടെ ലോക സാഹിത്യത്തിന് പരിചയപ്പെടുത്തിയ എം ടിയുടെ വിയോഗം നമുക്ക് തീരാ നഷ്ടമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ലോകസാഹിത്യത്തിന് മലയാളം നൽകിയ സംഭാവനയായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നമ്മുടെ സാഹിത്യലോകത്തിനും സിനിമാലോകത്തിനും പുരോഗമനചേരിക്കുമാകെ തീരാനഷ്ടമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ആ രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട മഹാപ്രതിഭയാണ് ഓർമയായതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മലയാളം എന്ന വികാരത്താൽ കോർത്തിണക്കപ്പെട്ട എല്ലാ കേരളീയർക്കും ഏറ്റവും ദുഃഖകരമായ വാർത്തയാണിത്. ഒരു വഴിവിളക്കാണ് അണഞ്ഞുപോയത്. എപ്പോഴും മുന്നോട്ടുള്ള വഴികാട്ടിയിട്ടുള്ള ഒരാൾ. ഈ ശൂന്യത ഏറെക്കാലം നിലനിൽക്കും. ഇക്കഴിഞ്ഞ ദിവസം വിക്ടോറിയ കോളേജിലെ ഒരു പരിപാടിയിലും അവിടത്തെ പൂർവ വിദ്യാർത്ഥിയായിരുന്ന എം ടി യെക്കുറിച്ച് പരാമർശിച്ചിരുന്നു. എം ടി കാലദേശങ്ങൾക്കപ്പുറം വളർന്ന പ്രതിഭയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

മലയാള സാഹിത്യ ലോകാത്ത് എക്കാലവും മങ്ങലേൽക്കാത്ത സാഹിത്യകാരനായിരുന്നു എം ടിയെന്നും അദ്ദേഹത്തിൻ്റെ വിയോഗം മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe