മലപ്പുറത്ത് ഗതാഗതക്കുരുക്കിനിടയിൽ വൺവേ തെറ്റിച്ച് പാഞ്ഞ് ബസ്; റിവേഴ്സ് ഗിയർ എടുപ്പിച്ച് നാട്ടുകാർ

news image
Feb 14, 2023, 5:06 pm GMT+0000 payyolionline.in

മലപ്പുറം: അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിനിടയിൽ വൺവേ തെറ്റിച്ച് ഊരാക്കുടുക്ക് തീർത്ത ബസിനെ പിന്നോട്ടെടുപ്പിച്ച് നാട്ടുകാരും മറ്റ് ഡ്രൈവർമാരും. അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഇതിനിടയിൽ നിയമം പാലിക്കാതെ വൺവേ തെറ്റിച്ച് കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കി ബസ് മുന്നോട്ട് പാഞ്ഞ് എത്തുകയായിരുന്നു.

കോഴിക്കോട്- പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് നിയമം കാറ്റിൽപ്പറത്തിയത്. മറ്റ് വാഹന ഡ്രൈവർമാരും യാത്രക്കാരും ചേർന്ന് ബസിനെ ഒടുവില്‍ പിന്നോട്ട് എടുപ്പിക്കുകയായിരുന്നു. അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ബസാണ് കുരുക്കിനിടെ അമിത വേഗതയിൽ എതിർ ദിശയിൽ വന്ന് മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം കുരുക്കുണ്ടാക്കിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് നിരവധി തവണ ബസ് പിന്നോട്ട് എടുക്കാൻ പറഞ്ഞെങ്കിലും ഡ്രൈവർ കൂട്ടാക്കിയില്ല.തുടർന്ന് മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർ ഇടപെട്ട് ബസ് പിന്നോട്ടെടുപ്പിക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.

ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ഓരോ ബസുകളും നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാൻ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകാൻ യോഗത്തിൽ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും. ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് പ്രശ്നങ്ങൾ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമർശിച്ച് കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു യോഗം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe