മലപ്പുറം 13കാരന്‍റെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് , സ്ഥലം പാട്ടത്തിനെടുത്തയാള്‍ അറസ്റ്റില്‍

news image
Oct 19, 2023, 12:00 pm GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം പൂക്കോട്ടും പാടത്ത്  കാട്ടു പന്നിയെ തുരത്താന്‍ കൃഷിയിടത്തില്‍  സ്ഥാപിച്ച  വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് പതിമൂന്ന് കാരന്‍ മരിച്ച സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നയാള്‍ അറസ്റ്റില്‍. അമരമ്പലം സ്വദേശി അറയില്‍ ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് നരഹത്യാ കുറ്റം ചുമത്തി.

സംഭവത്തില്‍ ഇന്നലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ മരണം ഷോക്കേറ്റാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തി നരഹത്യാ കുറ്റം ചുമത്തിയത്. സംഭവത്തില്‍ നേരത്തെ അറയില്‍ ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയാണ് മരിച്ചത്. പൂക്കോട്ടുംപാടം അമരമ്പലത്തെ കൃഷിയിടത്തില്‍ രാവിലെ പത്തരയോടെയാണ് റഹ്മത്തുള്ളയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. ക്യഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയോട് ചേര്‍ന്നായിരുന്നു മൃതദേഹം.

കുട്ടിയെ വീട്ടില്‍ കാണാതായതോടെ അന്വേഷിച്ചെത്തിയ രക്ഷിതാക്കളാണ് റഹ്മത്തുള്ളയെ തിരിച്ചറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റതാണെന്ന കാര്യം വ്യക്തമായത്. കളിക്കാനായി കുട്ടി ഈ വഴിയെത്തിയപ്പോള്‍ അറിയാതെ വൈദ്യുതി വേലിയില്‍ തട്ടിയതാകാമെന്നാണ് പോലീസിന്‍റെ നിഗമനം.  സമീപത്തെ വൈദ്യുതി ലൈനില്‍ നിന്നും നേരിട്ട് വേലിയിലേക്ക് കണക്ഷന്‍ കൊടുത്തതാണെന്നാണ് പോലീസ് പറയുന്നത്. കെ.എസ്.ഇ ബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ  ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചിരുന്നത്. ഇന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നരഹത്യാ കേസ് കൂടി ചുമത്തി തോട്ടം പാട്ടത്തിനെടുത്തയാളുടെ അറസ്റ്റ്  രേഖപ്പെടുത്തിയത്. മരിച്ച റഹ്മത്തുള്ളയുടെ രക്ഷിതാക്കള്‍  പൂക്കോട്ടും പാടത്തെ ഇഷ്ടിക ചൂളയിലെ ജോലിക്കാരാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe