മലപ്പുറത്ത് വീടിനു നമ്പർ ഇടാൻ 5000 രൂപ ആവശ്യപ്പെട്ട പഞ്ചായത് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ

news image
Oct 11, 2023, 10:18 am GMT+0000 payyolionline.in

മലപ്പുറം: വീടിനു നമ്പർ ഇടാൻ 5000 രൂപ ആവശ്യപ്പെട്ട പഞ്ചായത് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. മലപ്പുറം പുളിക്കൽ പഞ്ചായത് ഓഫീസിലെ ഹെഡ് ക്ലർക്ക് സുഭാഷ് കുമാർ ആണ് പിടിയിലായത്. പുളിക്കൽ സ്വദേശി മുഫദിന്റെ പരാതിയിലാണ് വിജിലൻസിന്റെ നടപടി. വീടിന് നമ്പർ ഇടാൻ 5000രൂപ ആവശ്യപ്പെട്ടതിനെതുടർന്നാണ് പുളിക്കൽ സ്വദേശി മുഫീദ് വിജിലൻസിന് പരാതി നൽകിയത്.  അതേസമയം കഴിഞ്ഞാഴ്ച കാസർഗോഡ് കാഞ്ഞങ്ങാട്  കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായിരുന്നു.

 

കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വെങ്കിടഗിരിയാണ് പിടിയിലായത്. അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്‍റ് ആണ് ഡോക്ടർ വെങ്കിടഗിരി. ഹെർണിയയുടെ ഓപ്പറേഷന് തീയതി അനുകൂലമായി നൽകാമെന്ന് വാദ്ഗാനം ചെയ്ത് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്ടർ അറസ്റ്റിലായത്. കാസർഗോഡ് സ്വദേശിയായ പരാതിക്കാരൻ ഹെർണിയയുടെ ചികിത്സയ്ക്കായി ഇക്കഴിഞ്ഞ ജൂലൈ മാസം കാസർഗോഡ് ജനറൽ ആശുപത്രിയിലെ ജനറൽ സർജനെ കണ്ടിരുന്നു. അദ്ദേഹം ഓപ്പറേഷന് നിർദ്ദേശിക്കുകയും, അനസ്തേഷ്യ ഡോക്ടറായ ഡോക്ടർ വെങ്കിടഗിരിയെ കണ്ട് തീയതി വാങ്ങിവരാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ അനസ്തേഷ്യ ഡോക്ടറായ ഡോക്ടർ വെങ്കിടഗിരിയെ കണ്ടപ്പോൾ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബർ മാസത്തിൽ ഓപ്പറേഷൻ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ദിവസം അസഹ്യമായ വേദനകാരണം ഓപ്പറേഷൻ നേരത്തെ ആക്കുന്നതിനായി പരാതിക്കാരൻ  ഡോക്ടർ വെങ്കിടഗിരിയെ വീണ്ടും കണ്ടു. എന്നാൽനേരത്തെ ഓപ്പറേഷൻ നടത്തണമെങ്കിൽ 2,000/- രൂപ കൈക്കൂലി വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരൻ  വിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട്  പ്രജീഷ് തോട്ടത്തിലിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കാസർഗോഡ് വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്  വികെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി കാത്തിരിക്കുകയും ചെയ്തു. കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡോക്ടർ വെങ്കിടഗിരിയുടെ വീട്ടിൽവച്ച് 2,000/- രൂപ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കയ്യോടെ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe