മലപ്പുറം ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ച പിവി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ

news image
Aug 20, 2024, 3:08 pm GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം പൊലിസ് അസോസിയേഷൻ യോഗത്തിൽ ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ച പി വി അൻവർ എം എൽ എക്കെതിരെ ഐ പി എസ് അസോസിയേഷൻ. സേനാംഗങ്ങളുടെ യോഗത്തിൽ വച്ച് വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് അസോസിയേഷൻ അംഗങ്ങളുടെ ആവശ്യം. പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും, സ്പീക്കർക്കും നൽകണമെന്ന് അസോസിയേഷൻ ഭാരവാഹികളെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എസ് പി ശശിധരനെതിരായ അധിക്ഷേപത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും നീക്കമുണ്ട്.

നേരത്തെ മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളന പരിപാടിക്ക് എത്താൻ വൈകിയതില്‍ പ്രകോപിതനായാണ് ജില്ലാ പൊലിസ് മേധാവിക്കെതിരെ പി വി അന്‍വര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.  ഐ പി എസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. എം എല്‍ എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‍ പി ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു.

വാഹന പരിശോധന, മണ്ണ് എടുക്കലിന് ഉള്‍പ്പെടെ അനുമതി നല്‍കാത്തത്, തന്‍റെ പാര്‍ക്കിലെ റോപ് വേ ഉണ്ടാക്കി ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാണാതായ പോയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഐ പി എസ് ഉദ്യോഗസ്ഥരെ പിവി അന്‍വര്‍ രൂക്ഷമായി വിമര്‍ശിച്ചത്. ചില പൊലീസുകാർ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. അതില്‍ റിസര്‍ച്ച് നടത്തുകയാണ് അവര്‍. സര്‍ക്കാരിനെ മോശമാക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് ഇത്. ഇപ്പോള്‍ നടക്കുന്ന ഈ പരിപാടിക്ക് താൻ എസ്‍പിയെ കാത്ത് ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നു. അദ്ദേഹം ജോലി തിരക്കുള്ള ആളാണ്. അതാണ് കാരണം എങ്കിൽ ഓക്കേ. അല്ലാതെ താൻ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ എസ്‍പി ആലോചിക്കണമെന്നും പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തി. ഇങ്ങനെ പറയേണ്ടിവന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ നിവൃത്തിയില്ല. പൊലീസിന് മാറ്റം ഉണ്ടായെ തീരു. അല്ലെങ്കില്‍ ജനം ഇടപെടുമെന്നും അൻവർ പറഞ്ഞുവച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe