കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതെ പി. ജയരാജനെ തഴയുകയായിരുന്നെന്ന ചർച്ചകൾ ഉയരുന്നതിനിടെ വാട്സ്ആപ്പ് സ്റ്റാറ്റസുമായി ജയരാജന്‍റെ മകൻ ജെയിൻ രാജ്. ‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ’ എന്ന എം. സ്വരാജിന്‍റെ വാചകമാണ് പി. ജയരാജന്‍റെ മകൻ ജെയിൻ രാജ് വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കിയത്. ജയരാജനെ തഴയുമെന്നത് മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണെന്ന് ധ്വനിപ്പിക്കുന്നതാണ് ജെയിൻ രാജിന്‍റെ സ്റ്റാറ്റസ്.

ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം മുൻ നായകൻ കെയ്ൻ വില്യംസണിന്‍റെ ചിത്രം വെച്ചുള്ള സ്റ്റാറ്റസും ജെയിൻ രാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഇത് ജയരാജനോടുള്ള അവഗണനക്കെതിരായ പരോക്ഷ വിമർശനമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ‘ഇനിയൊരു അങ്കത്തിനുള്ള ബാല്യം അയാളിലുണ്ടോയെന്ന് സംശയമാണ്, എത്രയെത്ര ഫൈനലിൽ, എത്രയെത്ര സെമിയിൽ, എത്രയെത്ര കപ്പിനും ചുണ്ടിനുമിടയിൽ നിർഭാഗ്യം തൊട്ടുതലോടിയ മനുഷ്യൻ, എന്നിട്ടും ഒരിക്കൽപോലും അയാൾ ആ ചുണ്ടിലെ ചിരി വറ്റിച്ചിരുന്നില്ല. ഹേ നിർഭാഗ്യങ്ങളുടെ തോഴാ, ഇനിയൊരു അവസരമുണ്ടാകുമോയെന്നറിയില്ല, ഉണ്ടെങ്കിൽ ഇനിയുള്ള അന്തിമ ചിരി നിങ്ങളുടേതാകട്ടെ, വില്ലീ’ -എന്നാണ് ജെയിൻ രാജ് വില്യംസണിന്‍റെ ഫോട്ടോയോടൊപ്പം കുറിച്ചത്.

കാൽനൂറ്റാണ്ടിലേറെ സംസ്ഥാന സമിതിയിൽ തുടർന്നിട്ടും സെക്രട്ടേറിയറ്റിൽ പി. ജയരാജന് സി.പി.എം ഇടംനൽകിയിട്ടില്ല. നേതൃനിരയിൽ പ്രായപരിധി നിബന്ധന കർശനമായതോടെ അടുത്ത സമ്മേളനത്തോടെ ജയരാജന് കളമൊഴിയേണ്ടിവരും. സംഘടനാതലത്തിൽ തന്നെക്കാൾ ഇളംമുറക്കാർ സെക്രട്ടേറിയറ്റിൽ സ്ഥാനം പിടിച്ചപ്പോഴും കണ്ണൂരിന്റെ ‘ചെന്താരകം’ പാർട്ടി നേതൃത്വത്തിന് അനഭിമതനായതോടെയാണ് വീണ്ടും പരിഗണനാപട്ടികക്ക് പുറത്തായത്. 2027 നവംബർ 27ന് പി. ജയരാജന് 75 വയസ്സ് പൂർത്തിയാവുന്നതോടെ 2028 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധിയെന്ന മാനദണ്ഡം വിനയാകും. ഇതോടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇനിയൊരു അവസരമുണ്ടാവില്ല. മുൻ ജില്ല കമ്മിറ്റിയംഗം മനു തോമസ് പാർട്ടിയിൽനിന്ന് പുറത്തുപോകാനിടയാക്കിയ പരാതി മറയാക്കിയാണ് ഇത്തവണ ജയരാജനെ വെട്ടിയതെന്നാണ് സൂചന.