ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ ഇസ്രായേൽ സ്പൈക്ക് മിസൈൽ

news image
Aug 3, 2023, 2:42 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ ഇസ്രായേലിൽ നിന്ന് സ്പൈക്ക് നോൺ ലൈൻ ഓഫ് സൈറ്റ് (എൻഎൽഒഎസ്) മിസൈൽ കൂടി. 32 കിലോമീറ്ററാണ് ഈ ആന്റി ടാങ്ക് ഗൈഡഡ് മിസൈലിന്‍റെ ദൂരപരിധി. പർവതങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ശത്രുവിനെ തകർക്കാൻ ശേഷിയുള്ള മിസൈലാണിത്. അപ്പാഷെ ഹെലികോപ്റ്ററിൽ സ്ഥാപിക്കുന്ന യു.എസ് നിർമ്മിത എ.ജി.എം-114 ഹെൽഫയർ മിസൈലിന്‍റെ നാലിരട്ടി വരുമിത്. മിസൈലിന്‍റെ പരീക്ഷണം ഉടൻ നടക്കുമെന്ന് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

റഷ്യയുടെ എം.ഐ 17വി5 ഹെലികോപ്റ്ററുകളിൽ സ്പൈക്ക് എൻഎൽഒഎസ് മിസൈൽ വിജയകരമായി ഉപയോഗിച്ചിരുന്നു. ശത്രുവിന്‍റെ കവചിതനിരക്ക് നേരെ തൊടുത്തുവിടാൻ മിസൈൽ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സ്പൈക്ക് മിസൈലിന്‍റെ വിവിധ തരം പകർപ്പുകൾ ഒമ്പത് രാജ്യങ്ങൾക്ക് ഇസ്രായേൽ കമ്പനിയായ റഫേൽ കൈമാറിയിട്ടുണ്ട്.

എം.ഐ-17 ഹെലികോപ്റ്റർ നവീകരിക്കാനാണ് ഇന്ത്യൻ വ്യോമസേന സ്പൈക് മിസൈൽ ഉപയോഗിക്കുക. റഷ്യൻ നിർമ്മിത ലേസർ-ഗൈഡഡ് ആന്‍റി ടാങ്ക് മിസൈലായ വിഖ്ർ-എം വഹിക്കാൻ സാധിക്കുന്ന തരത്തിലാണ് എം.ഐ-17 ഹെലികോപ്റ്റർ രൂപകൽപന ചെയ്തിട്ടുള്ളത്. എന്നാൽ, വിഖ്ർ-എമ്മിന് സ്പൈക്ക് മിസൈലിനേക്കാൾ ദൂരപരിധി കുറവാണ്. ലഡാക്ക് പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ സ്പൈക്ക് മിസൈൽ ഉപയോഗിക്കാനാവും. ചൈനീസ് ടാങ്കുകൾക്ക് പുറമേ, കമാൻഡ് സെന്‍ററുകൾ, മൊബൈൽ എയർ ഡിഫൻസ്, മറ്റ് ഉപകരണങ്ങൾ എന്നിവയെ ലക്ഷ്യമിടാൻ പുതിയ മിസൈലിലൂടെ വ്യോമസേനക്ക് സാധിക്കുമെന്നാണ് റിപ്പോർട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe