മരുന്ന് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഫാക്ടറി സ്ഥാപിച്ച് ലഹരിനിർമാണം: കെമിക്കൽ എഞ്ചിനീയർ അറസ്റ്റിൽ, മഹാരാഷ്ട്രയില്‍ വൻ ലഹരിവേട്ട

news image
Oct 23, 2023, 7:10 am GMT+0000 payyolionline.in

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജി നഗറിലെ വൻ ലഹരിവേട്ടയില്‍ ഗുജറാത്ത് സ്വദേശിയായ കെമിക്കല്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. സൂറത്ത് സ്വദേശിയായ ജിതേഷ് ഹിൻഹോറിയ ആണ് അറസ്റ്റിലായത്. സാംഭാജി നഗറിൽ ലഹരി നിർമ്മാണ ഫാക്ടറിയും കണ്ടെത്തി. രണ്ടിടത്തായി നടന്ന റെയ്ഡില്‍ 500 കോടി രൂപയുടെ ലഹരിമരുന്നുകളാണ് പിടികൂടിയത്.

അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്, മഹാരാഷ്ട്രയിലെ ഔറംഗബാദിലെ രണ്ട് സ്ഥലങ്ങളിൽ വന്‍ ലഹരിവേട്ട നടന്നത്. 23,000 ലിറ്റർ രാസവസ്തുക്കൾ, 23 കിലോ കൊക്കെയിന്‍ ഉള്‍പ്പെടെ കണ്ടെടുത്തു.

 

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്‍റെയും ഡിആർഐയുടെയും സംഘങ്ങൾ ഔറംഗാബാദിൽ ക്യാമ്പ് ചെയ്ത് കെമിക്കല്‍ എഞ്ചിനീയറുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ശനിയാഴ്ചയാണ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. രണ്ട് ഫാക്ടറികളിലൊന്നിൽ നിന്നാണ് ഹിൻഹോറിയയെയും ജീവനക്കാരനെയും പിടികൂടിയത്. രാസവസ്തുക്കൾ പിടിച്ചെടുത്ത് ഫാക്ടറികൾ സീൽ ചെയ്തു.

“ഒന്നര വർഷം മുമ്പ്, ജിതേഷ് ഹിൻഹോറിയ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ജോലി ഉപേക്ഷിച്ച ശേഷം സ്വന്തമായി ഫാക്ടറി സ്ഥാപിച്ചു. അവിടെ നിയമവിരുദ്ധമായി മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ നിർമ്മിക്കാൻ തുടങ്ങി. മുംബൈയിൽ നിന്നുമാണ് ഇയാള്‍ ലഹരി നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ സംഘടിപ്പിച്ചിരുന്നത്.”- ക്രൈംബ്രാഞ്ച് ഓഫീസറെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

കൊക്കെയ്ൻ പ്രധാനമായും മുംബൈയിലും മറ്റ് സൈക്കോട്രോപിക് മയക്കുമരുന്നുകള്‍ ഇൻഡോർ, ദില്ലി, ചെന്നൈ, സൂറത്ത് എന്നിവിടങ്ങളിലുമാണ് കെമിക്കല്‍ എഞ്ചിനീയര്‍ വില്‍പ്പന നടത്തിയിരുന്നത്. വ്യവസായ യൂണിറ്റുകളെ ലഹരിമരുന്ന് നിര്‍മാണത്തിനായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe