മരണം വരെ കൂടെയുണ്ടാകുമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്; മുനമ്പം സമരപ്പന്തലിൽ എത്തി

news image
Nov 9, 2024, 12:13 pm GMT+0000 payyolionline.in

കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മുനമ്പം നിരാഹാര സമരപ്പന്തലിലെത്തിയ അദ്ദേഹം സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്നും ഏത് അതിർത്തി വരെ പോകേണ്ടിവന്നാലും സമരക്കാരുടെ കൂടെയുണ്ടാകുമെന്നും മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി. സമരക്കാരിൽ അവസാനത്തെ പോരാളി മരിച്ചു വീഴുന്നത് വരെ താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വരഹിതമായ രീതിയിൽ സമരക്കാരുടെ ആവശ്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും മുനമ്പംകാർക്ക് മനുഷ്യത്വപരമായി നീതിയും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാന്ധിജിയുടെ സത്യാഗ്രഹം മാതൃകയിലുള്ള പോരാട്ടമാണെന്നും അക്രമസക്തമായ രീതിയിലല്ലെന്നും അദ്ദേഹം പറഞ്ഞു. ആയിരം കേന്ദ്രങ്ങളിൽ നാളെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിജ്ഞ ചൊല്ലൽ നടത്തും. ക്രൈസ്തവ പുരോഹിതർ വർഗീയത പറയുന്നു എന്ന വഖഫ് മന്ത്രിയുടെ പരാമർശത്തിനും മേജർ ആർച്ച് ബിഷപ്പ് മറുപടി നൽകി. മന്ത്രി പറയുന്നത് കേട്ട് എന്റെ ഈ ളോഹ ഊരി മാറ്റാൻ കഴിയുമോയെന്നും ഞാൻ നിൽക്കുന്ന ആശയങ്ങൾ മാറ്റുമെന്ന് കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഞങ്ങൾ സമരക്കാരുടെ ഇടയന്മാരാണ്. ജനങ്ങളുടെ കൂടെ നിൽക്കുന്നില്ലെങ്കിൽ ഒറ്റുകാരാകും. ളോഹ ഊരിമാറ്റി ഖദർ ഷർട്ട് ഇട്ട് സമര പന്തലിൽ വന്ന് നിൽക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe