മയക്കുമരുന്ന് ഉപയോഗം തടയാൻ എക്‌സൈസ് ‘റിലാക്സ് സെന്റർ’; തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ തുടക്കമായി

news image
Oct 3, 2026, 2:40 pm GMT+0000 payyolionline.in

തിക്കോടി: എക്‌സൈസ് വകുപ്പിന്റെ ‘മയങ്ങില്ല കേരളം’ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിൽ ആരംഭിച്ച ‘റിലാക്സ് സെന്റർ’ പ്രവർത്തനം തുടങ്ങി. ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ. അഡ്വ. കെ. പ്രവീൺ കുമാർ റിലാക്സ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിൽ എത്തുന്ന ജനങ്ങൾക്കിടയിൽ മയക്കുമരുന്നിന്റെയും മറ്റ് ലഹരിപദാർത്ഥങ്ങളുടെയും ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ജനപങ്കാളിത്തത്തോടെ വിനോദത്തിനൊപ്പം സുരക്ഷിതമായ വിശ്രമവേളകൾ ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജനപ്രതിനിധികളുടെയും തിക്കോടി ഗ്രാമപഞ്ചായത്തിന്റെയും പ്രാദേശിക കലാസാംസ്‌‌കാരിക പ്രവർത്തകരുടെയും പൂർണ്ണ സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.

റിലാക്സ് സെന്റർ നിലവിൽ വന്നതോടെ എക്‌സൈസിന്റെയും കോസ്റ്റൽ പോലീസിന്റെയും നിരന്തര സാന്നിധ്യവും നിരീക്ഷണവും പ്രദേശത്തുണ്ടാകും. ഇത് രാത്രികാലങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഭയരഹിതമായി ബീച്ചിൽ സമയം ചെലവഴിക്കാൻ സഹായകമാകും.

ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ.കെ. ഷാജി പദ്ധതി വിശദീകരണം നടത്തി. കൊയിലാണ്ടി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.കെ. വിനോദൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. കുഞ്ഞഹമ്മദ്, വാർഡ് അംഗങ്ങളായ എം.കെ. വഹീദ, പ്രേമരാജൻ, രമേശൻ, ഷക്കീല, തിക്കോടി റസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ മുനീർ, അഷറഫ്, വാർഡ് വികസന സമിതി കൺവീനർ മുസമ്മിൽ തങ്ങൾ, ജയചന്ദ്രൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.സി. രഘുനാഥ്, വിവിധ സാമൂഹിക-രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe