മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിനൊരുങ്ങുന്ന മഹേഷ് നാരായണൻ ചിത്രം “പേട്രിയറ്റ്”ൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ ചിത്രം 2026 ഏപ്രിൽ 23-ന് ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും. പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ മമ്മൂട്ടിയും മോഹൻലാലും തോക്ക് ചൂണ്ടി നിൽക്കുന്ന മാസ് ആക്ഷൻ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബനും ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന രീതിയിൽ ഈ പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. ടേക്ക് ഓഫ്, മാലിക് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ സ്പൈ ത്രില്ലർ മലയാളത്തിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് ഒരുങ്ങുന്നത്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യു.എ.ഇ എന്നിവിടങ്ങളിലായി ഒരു വർഷത്തിലേറെ നീണ്ട ചിത്രീകരണമാണ് പേട്രിയറ്റിന് വേണ്ടി നടന്നത്.
മഹേഷ് നാരായണൻ തന്നെ തിരക്കഥയും എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് മനുഷ് നന്ദൻ ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും ഒരുക്കുന്നു. മമ്മൂട്ടിയും മോഹൻലാലും നേരത്തെ തന്നെ തങ്ങളുടെ ഡബ്ബിംഗ് പൂർത്തിയാക്കിയിരുന്നു. റിലീസിന് മുന്നോടിയായി പുറത്തുവന്ന ലൊക്കേഷൻ വീഡിയോകളും ടൈറ്റിൽ ടീസറും പ്രേക്ഷകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. രേവതി, ജിനു ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരും ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആൻ മെഗാ മീഡിയയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
